ഒരു ലോകം ഒന്നാകെ ഒലിച്ചുവരുന്ന പോലെ..., നിമിഷം നേരം കൊണ്ട് അത് സംഭവിച്ചു; ഞെട്ടലില്‍ ദൃക്‌സാക്ഷി 

സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് വയനാട്
ഒരു ലോകം ഒന്നാകെ ഒലിച്ചുവരുന്ന പോലെ..., നിമിഷം നേരം കൊണ്ട് അത് സംഭവിച്ചു; ഞെട്ടലില്‍ ദൃക്‌സാക്ഷി 

കല്‍പ്പറ്റ: സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് വയനാട്. അതിതീവ്രമഴയാണ് വയനാട് അനുഭവപ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തെ പ്രളയദിനങ്ങളെ ഞെട്ടലോടെ ഓര്‍മ്മിപ്പിക്കുന്നവിധത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഒന്നിന് പിറകേ ഒന്നായാണ് വയനാട്ടില്‍ ദുരിതം വിതച്ചിരിക്കുന്നത്. മേപ്പാടിയിലെ പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം ഒന്നാകെയാണ് ഒലിച്ചുപോയത്. ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും നിരവധിപ്പേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഗോപാലന്‍ രക്ഷപ്പെട്ടത്. 

'ഒരു ലോകം ഒന്നാകെ കണ്‍മുന്നിലേക്ക് ഒലിച്ചുവരികയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്...'. ദുരന്തത്തിന്റെ ഞെട്ടല്‍ മാറാതെ ഗോപാലന്‍ പറയുന്നു. ഒരുപാടി ഒന്നാകെയാണ് ഗോപാലന്റെ കണ്‍മുന്നില്‍ മണ്ണിനടിയിലേക്ക് പോയത്. 

'മെഴുകുതിരി വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു. പെട്ടെന്നാണ് വനംവകുപ്പ് സ്ഥാപിച്ച കമ്പി കാലിലേക്ക് പൊട്ടിവീണത്. മഷ്‌റോള്‍ എന്ന ഉയര്‍ന്ന പ്രദേശത്തേക്ക് ഞാന്‍ ഓടിക്കയറി. നോക്കുമ്പോള്‍ ഒരു എസ്‌റ്റേറ്റ് പാടി ഒന്നാകെ കുത്തിയൊലിച്ച് വരുന്ന കാഴ്ചയാണ് കാണുന്നത്. അവിടെയുണ്ടായിരുന്ന ഒരു വലിയ വീട് തകര്‍ന്ന് വീണു. ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുന്ന കാഴ്ചയാണ് കണ്ടത്. ഭാര്യയോട് വേഗം തന്നെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറാന്‍ വിളിച്ചുപറഞ്ഞു. ഭാര്യയും ഓടി രക്ഷപെട്ടു. ഭാഗ്യം കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്'- ഗോപാലന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com