''കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്''
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2019 10:30 AM |
Last Updated: 09th August 2019 10:30 AM | A+A A- |

''ഇതു കഴിഞ്ഞ വര്‍ഷത്തെ ചിത്രമല്ലേ?''
പെരിയാറില്‍ വെള്ളം കൂടി ആലുവ മണപ്പുറം മുങ്ങിയതിന്റെ ചിത്രം സംവിധായകന്‍ ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതിന് ലഭിച്ച കമന്റുകളില്‍ പലതും ഇങ്ങനെയാണ്. ഇതിനു വിശദീകരണവുമായി ജൂഡ് ആന്റണി തന്നെ ലൈവില്‍ വന്നു. ആലുവയില്‍ താനിപ്പോള്‍ നില്‍ക്കുന്ന ഫ്‌ലാറ്റില്‍ നിന്നെടുത്ത ചിത്രമാണതെന്നും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് പറഞ്ഞു.
'ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്‌ലാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതും.''
'എന്റെ പുറകില്‍ നിങ്ങള്‍ക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാര്‍ത്ത വരാന്‍ നോക്കി നില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടില്‍ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.'
'കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാന്‍ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുക.'