കാസര്‍കോട് മുതല്‍ എറണാകുളം വരെ അതീവജാഗ്രത നിര്‍ദേശം; ചാലക്കുടിപ്പുഴയില്‍ വെളളപ്പൊക്ക സാധ്യത, പാലക്കാട് കനത്തമഴ; ഉരുള്‍പൊട്ടല്‍ 

പ്രളയത്തിന്റെ വാര്‍ഷികദിനത്തില്‍ വയനാട് പുത്തുമലയില്‍ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി
കാസര്‍കോട് മുതല്‍ എറണാകുളം വരെ അതീവജാഗ്രത നിര്‍ദേശം; ചാലക്കുടിപ്പുഴയില്‍ വെളളപ്പൊക്ക സാധ്യത, പാലക്കാട് കനത്തമഴ; ഉരുള്‍പൊട്ടല്‍ 

കല്‍പ്പറ്റ: പ്രളയത്തിന്റെ വാര്‍ഷികദിനത്തില്‍ വയനാട് പുത്തുമലയില്‍ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിനുളള രക്ഷാദൗത്യം തുടരുന്നതിനിടയില്‍ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. നാല്‍പതോളം ആളുകള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ചോളം പേരെ കാണാനില്ലെന്ന് പളളി വികാരി ഫാ വില്യംസ് മാധ്യമങ്ങളോട് പറഞ്ഞു. ഉരുള്‍പൊട്ടലില്‍ നൂറേക്കറോളം ഭൂമി ഒലിച്ചുപോയി. '

അതേസമയം സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് 23000 പേരാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. വയനാട്ടില്‍ മാത്രം 10000 പേര്‍ ക്യാമ്പുകളിലുണ്ട്. പ്രളയസമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഒന്‍പത് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ എറണാകുളം വരെ അതീവജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

വയനാടാണ് ഏറ്റവുമധികം ദുരിതം നേരിടുന്നത്. അതിത്രീവമഴയാണ് വയനാട് അനുഭവപ്പെടുന്നത്. അതിവേഗം നിറയുന്ന ബാണാസുരസാഗര്‍ അണക്കെട്ട് ഉടന്‍ തുറന്നേക്കുമെന്ന മുന്നറിയിപ്പ് ജില്ലയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. സൈന്യവും നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചാലക്കുടിപ്പുഴയില്‍ വെളളപ്പൊക്ക സാധ്യത നിലനില്‍ക്കുകയാണ്. പറമ്പിക്കുളം- ആളിയാര്‍ കനാലിലെ തകരാര്‍ മൂലം ചാലക്കുടി പുഴയിലേക്ക് വെളളം തിരിച്ചുവിട്ടിരിക്കുകയാണ്. നിലവില്‍ തന്നെ ചാലക്കുടി പുഴയുടെ തീരത്തുളള താഴ്ന്നപ്രദേശങ്ങളില്‍ പലതും വെളളത്തിന്റെ അടിയിലാണ്. വരുന്ന രണ്ടുമണിക്കൂറിനകം വീണ്ടും വെളളമുയരുമെന്നാണ് മുന്നറിയിപ്പ്. അതീവ ജാഗ്രതാനിര്‍ദേശമാണ് ചാലക്കുടിയില്‍ നല്‍കിയിരിക്കുന്നത്.

പാലക്കാട് ചില പ്രദേശങ്ങളില്‍ പുലര്‍ച്ച മഴ കുറഞ്ഞെങ്കിലും പിന്നീട് കനത്ത മഴ പെയതു തുടങ്ങി. പാലക്കാട് നഗരത്തിലെ മിക്ക ഹൗസിങ് കോളനികളും വെള്ളത്തില്‍ മുങ്ങികൊണ്ടിരിക്കുന്നു. മണ്ണാര്‍ക്കാട് പാലക്കയം, കരിമ്പ, അട്ടപ്പാടി, വടക്കഞ്ചേരി മംഗലം ഡാമിനു സമീപം ഓടന്‍തോടില്‍ മേഖലയില്‍ പലയിടത്തും വ്യാപകമായി ഉരുള്‍പ്പൊട്ടി. പാലക്കയത്തു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വള്ളുനാടന്‍ മേഖലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പാലക്കാട് അട്ടപ്പാടി റൂട്ടിലെ ഗതാഗതവും സ്തംഭിച്ചു. ഭാരതപ്പുഴ കരകവിഞ്ഞതോടെ പട്ടാമ്പിപാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലയില്‍ ഇതുവരെ 13 ദുരിതാശ്വാസക്യാംപുകള്‍ തുറന്നു.

കോട്ടയത്ത് ഈരാട്ടുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി.മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി വെളളാരംകുന്നില്‍ ഉരുള്‍പൊട്ടി രണ്ടുവീടുകള്‍ തകര്‍ന്നു. നിലവില്‍ തന്നെ ഉരുള്‍പൊട്ടലില്‍ മൂന്നാര്‍, മറയൂര്‍, മാങ്കുളം എന്നി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പട്ടാമ്പി മുതല്‍ തൃത്താല വരെ വെളളം കയറി. കണ്ണൂരിലെ ശ്രീകണ്ഠാപുരം നഗരം വെളളത്തില്‍മുങ്ങുന്ന അവസ്ഥയിലാണ്. ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയിട്ടുണ്ട്. പെരിയാറിന്റെ തീരപ്രദേശങ്ങളിലെ താഴന്നമേഖലകളിലും വെളളം കയറിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com