ജോജുവിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധത; പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍; മുഖ്യമന്ത്രി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊര്‍ജം വലുതാണ്
ജോജുവിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധത; പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍; മുഖ്യമന്ത്രി


തിരുവനന്തപുരം: 'ജോസഫി'ലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോള്‍ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അതെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുരസ്‌കാര ജേതാക്കളെ അഭിന്ദിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊര്‍ജം വലുതാണെന്നും പിണറായി പറഞ്ഞു.

പോസറ്റിന്റെ പൂര്‍ണരൂപം


'ജോസഫി'ലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ചലച്ചിത്ര നടന്‍ ജോജു ജോര്‍ജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമാണ്. അദ്ദേഹത്തെ അഭിനന്ദിച്ചവരോട്, 'അഭിനന്ദനങ്ങള്‍ക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഞാന്‍ വീട്ടിലില്ല. വീടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയര്‍പോര്‍ട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി. നമ്മുടെ നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കാം' എന്നാണു പ്രതികരിച്ചത്. 

ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോള്‍ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അത്. 

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അഭിന്ദനാര്‍ഹമായ നേട്ടങ്ങളാണ്  ഇത്തവണ മലയാളികള്‍ കരസ്ഥമാക്കിയത്.  ജോജു ജോര്‍ജിനു പുറമെ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കു ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 
 
ക്യാമറാമാന്‍ എം.ജെ. രാധാകൃഷ്ണനു  മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിക്കുന്നത് മരണാന്തര ബഹുമതിയായാണ്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത  ചിത്രത്തിലെ ദൃശ്യമികവിനാണ് ഈ പുരസ്‌കാരം. കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍  ഡിസൈന്‍ നിര്‍വഹിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി.

പുരസ്‌കാര ജേതാക്കളെ അഭിന്ദിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊര്‍ജം വലുതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com