നദികൾ കരകവിഞ്ഞ് ഒഴുകുന്നു ; ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ ; ജാ​ഗ്രതാ മുന്നറിയിപ്പ് 

ചാലിയാർ പുഴ കരകവിഞ്ഞ് നിലമ്പൂർ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി
നദികൾ കരകവിഞ്ഞ് ഒഴുകുന്നു ; ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ ; ജാ​ഗ്രതാ മുന്നറിയിപ്പ് 

കൊച്ചി : മഴ കനത്തതോടെ, നദികളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. നദിയോട് ചേർന്നുള്ള മേഖലകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. പ്രളയത്തിലും ഉരുൾ പൊട്ടലിലും വയനാട് ഒറ്റപ്പെട്ടു. കാസർകോട് ജില്ലയിൽ തേജസ്വിനി പുഴയുടെ കൈവഴികൾ കര കവിഞ്ഞു മുനയൻ കുന്നിലെ 25 കുടുംബങ്ങൾ ഒറ്റപ്പെട്ടു. ജില്ലകളിൽ ജാ​ഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ, അമ്പായത്തോട്, ശ്രീകണ്ഠപുരം ടൗണുകൾ ഒറ്റപ്പെട്ടു. കൊട്ടിയൂരിൽ ബാവലിപ്പുഴ കരകവിഞ്ഞ് കേളകം, കൊട്ടിയൂർ, കണിച്ചാർ, കുറ്റ്യാട്ടൂർ പാവന്നൂർകടവ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മട്ടന്നൂരിൽ മണ്ണൂർ, വെളിയമ്പ്ര എന്നിവിടങ്ങളിലും ഇരിട്ടിയിൽ വള്ളിത്തോട്, മാടത്തിൽ ടൗണുകളിലും വെള്ളം നിറഞ്ഞു. ചാലിയാർ പുഴ കരകവിഞ്ഞ് നിലമ്പൂർ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി.

കോട്ടയം ജില്ലയിൽ മീനച്ചിൽ, മണിമല, അഴുത നദികൾ പല സ്ഥലങ്ങളിലും കര കവി‍ഞ്ഞു. പാലായിലും മുണ്ടക്കയം വെള്ളം പൊങ്ങി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു. മലങ്കര ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. മൂവാറ്റുപുഴയാർ നിറഞ്ഞൊഴുകി. മൂവാറ്റുപുഴ ന​ഗരവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. കൊച്ചി നഗരത്തിൽ കനത്ത മഴയിൽ ഇടറോഡുകളിൽ വെളളക്കെട്ട് രൂക്ഷമായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വെളളത്തിനടിയിലായി. ഇടുക്കി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറി. പമ്പാനദി കരകവിഞ്ഞു പമ്പാ ത്രിവേണിയിലെ കടകളിൽ വെള്ളംകയറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com