പെരിയാറില്‍ മുങ്ങിയ മധ്യവയസ്‌കന്‍ റോഡില്‍ പൊങ്ങി; നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th August 2019 09:53 AM |
Last Updated: 09th August 2019 09:53 AM | A+A A- |

ഫോട്ടോ: എ സനേഷ്
ആലുവ: ജലനിരപ്പ് ഉയര്‍ന്ന മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ ഫയര്‍ഫോഴ്‌സിനും പൊലീസിനും തലവേദിന തീര്‍ത്ത് മധ്യവയസ്‌കന്റെ ഒളിച്ചുകളി. ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്ന മണപ്പുറത്ത് ഇയാള്‍ പുഴയിലേക്ക് ചാടി നീന്തിക്കുളി ആരംഭിച്ചു. പിന്നാലെ ഇയാളെ വെള്ളത്തില്‍ കാണാതെ വന്നതോടെ പരിഭ്രാന്തിയായി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം റോഡില്‍ വെച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടി.
വ്യാഴാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്തെ ജലനിരപ്പ് ഉയരുകയായിരുന്നു. വെള്ളം ഉയര്‍ന്നിരിക്കുന്നത് കാണാന്‍ നാട്ടുകാര്‍ ഇവിടെ തടിച്ചുകൂടി. ഇതോടെ പൊലീസും ഫയര്‍ഫോഴ്‌സും മണപ്പുറം കേന്ദ്രീകരിച്ച് നിന്നു. ഇതിനിടയില്‍, കൊടുങ്ങല്ലൂര്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന മധ്യവയസ്‌കന്‍ വെള്ളത്തിലേക്ക് ചാടി നീന്തിക്കുളിയാരംഭിച്ചു.
മണപ്പുറം ക്ഷേത്രത്തിന് മുന്‍പിലുള്ള ആല്‍മരത്തിലേക്ക് ഇയാള്‍ നീന്തിയെത്തി ഇവിടെ നിലയുറപ്പിച്ചു. നാട്ടുകാരുടേയും പൊലീസിന്റേയും ശ്രദ്ധയിലേക്ക് ഇയാള്‍ എത്തിയതോടെ ഇയാളെ തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ നീന്തിച്ചെന്ന് ഇയാളോട് ആല്‍മരത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല.
പിന്നാലെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ ഇയാള്‍ മണപ്പുറം ക്ഷേത്രത്തിലേക്ക് നീന്തിയെത്തി. അവിടെ തൂണിന് സമീപത്ത് വെച്ച് വെള്ളത്തില്‍ മുങ്ങിയതോടെ ഇയാള്‍ മുങ്ങിപ്പോയതായി അഭ്യൂഹം പരന്നു. ഒഴുക്കില്‍പ്പെട്ട് ഒഴുകിപോയിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍, ഏതാനും മണിക്കൂറിന് ശേഷം മണപ്പുറത്തെ റോഡില്‍ വെച്ച് ഇയാളെ കണ്ട് തിരിച്ചറിഞ്ഞ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
തൂണുകള്‍ക്കിടയില്‍ വെച്ച് മുങ്ങിയ ഇയാള്‍ മറ്റൊരിടത്ത് പൊങ്ങി മണപ്പുറത്തെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയും, താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു.