മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി ; ഒഴുകിയെത്തിയത് ഏഴ് അടിവെള്ളം; നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്ന് അടി വെള്ളമാണ് ഉയര്‍ന്നത്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി ; ഒഴുകിയെത്തിയത് ഏഴ് അടിവെള്ളം; നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

കൊച്ചി : സംസ്ഥാനത്ത് മഴ കനത്തതോടെ, അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ അളവ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിലേക്ക് ഏഴ് അടി വെള്ളമാണ് ഒഴുകിയെത്തിയത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ധിച്ചേക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.24 അടിയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്ന് അടി വെള്ളമാണ് ഉയര്‍ന്നത്. 

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തുറന്നു. 400 ഘനഅടി വെള്ളം രണ്ടു മണിക്കൂറിനകം പെരിങ്ങല്‍കുത്തിലെത്തും. മൂന്നര മണിക്കൂറിനുള്ളില്‍ ചാലക്കുടി പുഴയിലും വെള്ളമെത്തും. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയില്‍ രണ്ടര അടിയിലേറെ വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറന്നു. 3 ഷട്ടറുകള്‍ തുറന്ന് 35 ക്യൂമെക്‌സ് വെള്ളം തുറന്നുവിടാനാണ് തീരുമാനം.  ആങ്ങമുഴി, സീതത്തോട് മേഖലകളില്‍ ജലനിരപ്പ് ഉയരും. ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 22% ല്‍ എത്തി. തൃശൂര്‍ ജില്ലയില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. 

മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.  കോഴിക്കോട്ട് കക്കയം ഡാമിന്റെ 2 ഷട്ടര്‍ ഇന്നലെ വൈകിട്ട് തുറന്നു. കുറ്റിയാടിപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. 5 അടി കൂടി ഉയര്‍ന്നാല്‍ സംഭരണ ശേഷിയായ 2487 അടിയാകും. പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടര്‍ ബുധനാഴ്ച തുറന്നിരുന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ തുറന്നു. മംഗലം ഡാമിന്റെ 6 ഷട്ടറുകളും തുറന്നു. കണ്ണൂര്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവു കൂടിയതോടെ ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 7 ഷട്ടറുകള്‍ ഇന്നലെ വൈകിട്ടു തുറന്നു. മഴ തുടരുന്നതിനാല്‍ കക്കാട് പദ്ധതിയുടെ അള്ളുങ്കല്‍ ഇഡിസിഎല്‍, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്ക്, മണിയാര്‍ കാര്‍ബൊറാണ്ടം, പെരുനാട് എന്നീ ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളില്‍ ഏതു സമയവും ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്.

തിരുവനന്തപുരം അരുവിക്കര അണക്കെട്ടിന്റെ ഒരു ഷട്ടര്‍ രാവിലെ 60 സെന്റിമീറ്റര്‍ ഉയര്‍ത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ ഉച്ചയ്ക്കു ശേഷം 25 സെന്റിമീറ്ററായി പരിമിതപ്പെടുത്തി 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com