രാഖിയെ മറവുചെയ്ത കുഴിയില്‍ വെള്ളം നിറഞ്ഞു ; സമീപവീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു, നാശനഷ്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2019 10:32 AM  |  

Last Updated: 09th August 2019 10:32 AM  |   A+A-   |  

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്പൂരി തട്ടാന്‍മുക്കില്‍ രാഖിയുടെ മൃതദേഹം കണ്ടെടുത്ത കുഴിയില്‍ മഴവെള്ളം കെട്ടിനിന്ന് പുരയിടത്തിന്റെ ഭാഗം സമീപത്തെ വീടിന് മേല്‍ ഇടിഞ്ഞു വീണു. രാഖി കൊലപാതകത്തില്‍ അറസ്റ്റിലായ സൈനികന്‍ അഖിലിന്റെ തട്ടാംമുക്കിലുള്ള പുതിയവീടിന്റെ പിന്‍ഭാഗത്തെ മണ്ണും കരിങ്കല്‍കെട്ടുമാണ് പുലര്‍ച്ചെ ഇടിഞ്ഞുവീണത്. അയല്‍പക്കത്തെ സജിയുടെ വീട്ടിലേക്കാണ് ഇടിഞ്ഞുവീണത്. 

ഇതേത്തുടര്‍ന്ന് സജിയുടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറി തകര്‍ന്നു. വീടിനുചുറ്റും മലിനജലവും മണ്ണും നിറഞ്ഞിരിക്കുകയാണ്. രാഖിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം മറവുചെയ്തിരുന്ന കുഴി പൊലീസ് മണ്ണിട്ടുമൂടാത്തതാണ് വെള്ളംകെട്ടി മണ്ണിടിയാന്‍ കാരണമായതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. 

രണ്ടുവട്ടം തെളിവെടുപ്പ് നടത്തിയിട്ടും അന്വേഷണസംഘം കുഴിമൂടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുഴിയില്‍ കെട്ടിനിന്ന വെള്ളത്തോടൊപ്പം ചുറ്റുമുണ്ടായിരുന്ന മണ്ണും ഇടിഞ്ഞുപോയി. ചരിഞ്ഞ പുരയിടത്തിന്റെ താഴ്ഭാഗത്ത് മൂലയില്‍ കല്ലടുക്കിനോട് ചേര്‍ന്നായിരുന്നു രാഖിയുടെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തിരുന്നത്. കുഴിയെടുക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണ് എന്നായിരുന്നു പ്രതികള്‍ സജിയോട് പറഞ്ഞിരുന്നത്.