വയനാട് ഒറ്റപ്പെട്ടു; ചുരങ്ങള്‍ അപകടാവസ്ഥയില്‍; ഗതാഗതം നിലച്ചു; അതിതീവ്ര മഴ തുടരുന്നു

ശക്തമായ മഴയേത്തുടര്‍ന്ന് വയനാട്ടില്‍നിന്നും കേരളത്തിലെ ഇതര ജില്ലകളിലേക്കും കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വഴികള്‍ ഗതാഗത യോഗ്യമല്ലാതായി
വയനാട് ഒറ്റപ്പെട്ടു; ചുരങ്ങള്‍ അപകടാവസ്ഥയില്‍; ഗതാഗതം നിലച്ചു; അതിതീവ്ര മഴ തുടരുന്നു

കോഴിക്കോട്: ശക്തമായ മഴയേത്തുടര്‍ന്ന് വയനാട്ടില്‍നിന്നും കേരളത്തിലെ ഇതര ജില്ലകളിലേക്കും കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വഴികള്‍ ഗതാഗത യോഗ്യമല്ലാതായി. മറ്റു ജില്ലകളില്‍നിന്നും വയനാട് വഴിയുള്ള എല്ലാ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളും കഴിഞ്ഞദിവസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. 

താമരശ്ശേരി, പക്രംതളം, നാടുകാണി ചുരങ്ങള്‍ക്കുപുറമേ പാല്‍ച്ചുരവും പേര്യ ചുരവും അപകടാവസ്ഥയിലാണ്. ബത്തേരിമൈസൂര്‍ പാതയില്‍ മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴി വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതവും അസാധ്യമായിരിക്കുകയാണ്. കബനിനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടഗോണിക്കുപ്പ വഴിയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്. മാനന്തവാടിയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ചില സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴിയുള്ളത്.

പക്രംതളം, പാല്‍ച്ചുരം, നാടുകാണി ചുരങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം ഗതാഗതം നിലച്ചു. തലപ്പുഴ 42ാം മൈലില്‍ വെള്ളംകയറിയതോടെ പേര്യ ചുരം വഴിയും പുറത്തുകടക്കാനാകാത്ത സ്ഥിതിയിലാണ് വയനാട്ടുകാര്‍. മരങ്ങള്‍ കടപുഴകി വീഴുന്നതും ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വ്യാഴാഴ്ച തന്നെ അപകടാവസ്ഥയിലായ താമരശ്ശേരി ചുരം വഴി വലിയ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. അപൂര്‍വ്വമായി ചെറിയ സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്നത്. വെള്ളിയാഴ്ച രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും ശക്തി പ്രാപിച്ചതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് വയനാട്ടുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com