വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല ; തുറന്നത് ചെറിയ ഡാമുകള്‍ മാത്രം ; ആശങ്ക വേണ്ടെന്ന് മന്ത്രി എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2019 10:03 AM  |  

Last Updated: 09th August 2019 10:03 AM  |   A+A-   |  

 

ഇടുക്കി : കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അതേസമയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 

വലിയ ഡാമുകള്‍ ഒഴികെ ചെറിയ അണക്കെട്ടുകളാണ് തുറന്നുവിടുന്നത്. തുറന്നുവിടുകയല്ലാതെ വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഏത് പ്രതിസന്ധിയേയും നേരിടാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. 

ഇടുക്കി ജില്ലയുടെ ചുമതല നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിനാണ്. അദ്ദേഹം അവിടെ തമ്പടിച്ച് മേല്‍നോട്ടം നടത്തിവരികയാണ്. ക്യാമ്പുകളില്‍ പോയി വിവരങ്ങള്‍ തിരക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ വിശ്രമം വേണമെന്ന് പറഞ്ഞതിനാല്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മഴ തുടര്‍ന്നാല്‍ ഈ നിര്‍ദേശം അവഗണിച്ച് പോകേണ്ടി വരും. 

വൈദ്യുതി ബോര്‍ഡ് ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിതികള്‍ വിലയിരുത്തി. ബോര്‍ഡ് വീണ്ടും യോഗം ചേരുന്നുണ്ട്. കഴിഞ്ഞ തവണത്തെ കെടുതി ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. എന്തുണ്ടായാലും നേരിടുക മാത്രമാണ് നിര്‍ഹമുള്ളത്. എങ്കിലും ഏത് സാഹചര്യവും നേരിടാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.