വൈദ്യുതി മുടങ്ങില്ല; വ്യാജപ്രചാരണത്തില്‍ വീഴരുത്;  എംഎം മണി

നാളെ സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തില്‍ വീഴരുതെന്ന് വൈദ്യുതി മന്ത്രി എംഎം മണി
വൈദ്യുതി മുടങ്ങില്ല; വ്യാജപ്രചാരണത്തില്‍ വീഴരുത്;  എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന തുടരുന്ന സാഹചര്യത്തില്‍ നാളെ സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തില്‍ വീഴരുതെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇത്തരത്തിലുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്നും മണി പറഞ്ഞു.

നാളെ വൈദ്യുതി മുടങ്ങുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വ്യാപകമായ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

സംസ്ഥാനത്ത് അതിതീവ്ര മഴയാണുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വിവിധ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍,വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കേന്ദ്ര ജലക്കമ്മീഷന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോരമേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളേയ്ക്ക് ശേഷം മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ദമാകാനും സാധ്യത. 

ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. വയനാടാണ് ഏറ്റവും കൂടതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്പിലുണ്ട്. കോട്ടയത്ത് 114, ഇടുക്കി 799, എറണാകുളത്ത് 1575, തൃശൂര്‍ 536, പാലക്കാട് 1200, മലപ്പുറം 4106, കോഴിക്കോട് 1653, കണ്ണൂര്‍ 1483 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം.

സഹായിക്കാനുള്ള വോളണ്ടിയര്‍മാര്‍ അധികൃതരുമായി ബന്ധപ്പെട്ട് മുന്നോട്ടുവരണം. സംസ്ഥാനത്ത് 24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇത് തുടരാം. പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മേപ്പാടിയില്‍ രണ്ട് കുന്നുകള്‍ക്കിടയില്‍ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞുപോയി. വ്യോമസേനയുടെ സേവനം അഭ്യര്‍ഥിച്ചിരുന്നു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും മേപ്പാടിയിലുണ്ട്. പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടു. 

ചാലക്കുടി പുഴയിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ തീവ്രമായ പ്രളയസ്ഥിതിയില്ല. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതലനല്‍കിയിട്ടുണ്ട്. കുറ്റിയാടിയും പെരിങ്ങല്‍ക്കൂത്തുമാണ് ഇപ്പോള്‍ തുറന്നത്. ഇടുക്കിയില്‍ 30 പമ്പ 50 കക്കി 25 ഷോളയാര്‍ 40 ഇടമലയാര്‍ 40 ബാണാസുരസാഗര്‍ 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ബാണാസുര സാഗര്‍ തുറക്കേണ്ടി വന്നേക്കാം, തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ സാധ്യതയുണ്ട്.

പെരിയാര്‍ നിറഞ്ഞൊഴുകുകയാണ്. ആലുവ, കാലടി ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനിടയിലായി. ജല അതോറിറ്റിയുടെ 52 പദ്ധതി തടസ്സപ്പെട്ടു 16,666 കണക്ഷനെ ബാധിച്ചു. വെള്ളമിറങ്ങിയാല്‍ മാത്രമേ അറ്റകുറ്റപ്പണി നടക്കൂ. ടാങ്കറില്‍ വെള്ളം എത്തിക്കമാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തപ്രതികരണ സേനയുടെ 13 ടീമുകള്‍ എത്തിക്കഴിഞ്ഞു. ഗതഗാത സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ മൂന്നു ടീം എത്തും. സൈന്യത്തിന്റെ മൂന്നു സംഘം എത്തി. പാലക്കാട് മദ്രാസ് രജിമെന്റില്‍ നിന്ന് മൂന്നു സംഘം എത്തും. ഭക്ഷണവിതരണത്തിനും സൈന്യത്തിന്റേ സേവനംതേടി. അപകടസാധ്യത സ്ഥലത്തില്‍ നിന്ന് മാറി താമസിക്കണം. മലയോരമേഖലയില്‍ വിനോദസഞ്ചാരം ഒഴിവാക്കണം. കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്ത് പ്രത്യേക ബസ്സ് സര്‍വീസ് കെ.എസ്.ആര്‍.ടി.സി ക്രമീകരിക്കും. കൊച്ചിയിലെ നേവല്‍ ബേസ് സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com