ശ്രീറാം മദ്യലഹരിയില്‍,ആവര്‍ത്തിച്ച് ഡോക്ടര്‍, റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍ രാകേഷ് മൊഴി നല്‍കി
ശ്രീറാം മദ്യലഹരിയില്‍,ആവര്‍ത്തിച്ച് ഡോക്ടര്‍, റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിക്കാന്‍ ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ദേഹപരിശോധനയ്ക്കായി ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ചപ്പോല്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍ ആവര്‍ത്തിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാകേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം രേഖപ്പെടുത്തിയ റിപ്പോര്‍ട്ടും അദ്ദേഹം പൊലീസിന് കൈമാറി. 

ക്രൈംനമ്പര്‍ ഇടാതെയാണ് മ്യൂസിയം പൊലീസ് ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചത്. അതിനാല്‍ രക്തപരിസോധന നടത്തണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍ രാകേഷ് മൊഴി നല്‍കി. കൈക്ക് മുറിവേറ്റതിനാല്‍ രക്ത സാമ്പിള്‍ നല്‍കാന്‍ ശ്രീറാം വിസമ്മതിച്ചതായും ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

രക്തപരിശോധന നടത്തുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ മ്യൂസിയം സിഐ ജെ സുനില്‍, സസ്‌പെന്‍ഷനിലുള്ള എസ്‌ഐ ജയപ്രകാശ് എന്നിവരെയും നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും, പരിക്കേറ്റ  ശ്രീറാമിന് ചികില്‍സ നല്‍കുകയും ചെയ്യേണ്ടി വന്നതിനാലാണ് നടപടിക്രമങ്ങള്‍ വൈകിയതെന്ന് എസ്‌ഐ ജയപ്രകാശ് മൊഴി നല്‍കി.

അതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിനെ പ്രത്യേക അന്വേഷണസംഘം ഇന്നോ നാളെയോ ചോദ്യം ചെയ്യും. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിലേക്ക് പോകാനിടയായ സഹാചര്യവും, സ്വീകരിച്ച ചികില്‍സകള്‍ സംബന്ധിച്ചും വിവരം ശേഖരിക്കും. കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രത്യേക സംഘം ചോദ്യം ചെയ്യും.  

അതിനിടെ നരഹത്യാകേസില്‍ പ്രതിയായ ശ്രീറാമിന്റെ വിരലടയാളം പൊലീസ് ഇതുവരെ ശേഖരിച്ചിട്ടില്ല. കൈയില്‍ പരിക്കുള്ള ശ്രീറാമില്‍ നിന്ന് ഇപ്പോല്‍ വിരലടയാളം ശേഖരിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ഡ്രൈവര്‍ ആരായിരുന്നു എന്നു കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധനയില്‍ ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കേണ്ടത് നിര്‍ണായകമാണ്. രക്തസാമ്പിള്‍ ശേഖരിക്കുന്നതിന് കാണിച്ച അലംഭാവം പൊലീസ് വിരലടയാളം എടുക്കുന്നതിനും തുടരുകയാണ്. കൈക്ക് പരിക്കുണ്ടെന്ന് പറയപ്പെടുന്ന ശ്രീറാം തന്നെയാണ് ജാമ്യത്തിനായുള്ള വക്കാലത്തില്‍ ഒപ്പിട്ടതെന്ന് തെളിഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com