കവളപ്പാറയില്‍ കണ്ണീര്‍മഴ; മരണസംഖ്യ അഞ്ചായി; മണ്ണിനടിയില്‍ കുട്ടികളടക്കം 58 പേര്‍, തെരച്ചില്‍ നിര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2019 05:32 PM |
Last Updated: 10th August 2019 05:32 PM | A+A A- |

കോഴിക്കോട് : കനത്തമഴയില്‍ മലപ്പുറം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ അഞ്ചായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇന്നുമാത്രം കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം രണ്ടായി.അതേസമയം 58പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇതില്‍ 20 ഓളം കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മോശം കാലാവസ്ഥ മൂലവും വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായ പശ്ചാത്തലവും കണക്കിലെടുത്ത് ഇന്നത്തെ രക്ഷാദൗത്യം നിര്‍ത്തിവെച്ചു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. കനത്തമഴയില്‍ മലയിടിഞ്ഞ് ഒന്നാകെ കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ, കണ്ടെടുത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചതിന് പിന്നാലെയാണ് മലയുടെ മറുഭാഗത്ത് വീണ്ടും ഉരുള്‍ പൊട്ടലുണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം കുറച്ചുനേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രാവിലെയാണ് പുനരാരംഭിച്ചത്. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം തിരച്ചിലിന് വേഗം പോരെന്നും, കൂടുതല്‍ യന്ത്രസാമഗ്രികള്‍ കൊണ്ടുവന്ന് തിരച്ചിലിന് വേഗം കൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഇതുവരെ ഒന്‍പതുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 18 പേരില്‍ ഒന്‍പതുപേരുടെ മൃതദേഹം കണ്ടെത്തിയെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.