പ്രളയം: രക്ഷാപ്രവര്‍ത്തനത്തിനിടെ കെഎസ്ഇബി എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2019 04:32 AM |
Last Updated: 10th August 2019 04:32 AM | A+A A- |
തൃശൂര്‍: മഴയിലും ചുഴലിക്കാറ്റിലും തകര്‍ന്ന ലൈനുകള്‍ നന്നാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ഇബി എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. കെഎസ്ഇബി എന്‍ജിനീയര്‍ ബൈജുവാണ് കോള്‍പാടത്തില്‍ മുങ്ങിമരിച്ചത്. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ചുള്ളിക്കാരന്‍കുന്നില്‍ നിന്ന് 800 മീറ്റര്‍ അകലെ കോള്‍പാടത്തിനു നടുവില്‍ പണി നടക്കുന്നിടത്തേക്കു പോകുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം തകര്‍ന്നു വീണ 110 കെവി ടവര്‍ ലൈനിനു പകരം താല്‍ക്കാലിക ടവര്‍ സ്ഥാപിക്കുന്നതിനു ബൈജു മൂന്ന് ദിവസമായി പ്രദേശത്ത് ക്യാംപ് ചെയ്തു മേല്‍നോട്ടം വഹിക്കുകയായിരുന്നു. ഇന്നലെ കോള്‍പാടത്തിന് നടുവിലുള്ള ടവറിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ചമ്മന്നൂര്‍ സ്വദേശികളായ അഷറഫ്, കോത എന്നിവരും കൂടെ ഉണ്ടായിരുന്നെങ്കിലും നീന്തിയും വള്ളത്തില്‍ പിടിച്ചും രക്ഷപ്പെട്ടു.
400 മീറ്ററോളം അകലെ ഇരുകരകളിലും നാല്‍പതോളം പേര്‍ നോക്കി നില്‍ക്കെയാണ് ദാരുണസംഭവം നടന്നത്. ടവറില്‍ ജോലിചെയ്തിരുന്നവര്‍ ബോട്ടില്‍ എത്തി കരയ്‌ക്കെത്തിച്ചപ്പോഴേക്കും എന്‍ജിനീയര്‍ മരിച്ചിരുന്നു. പത്ത് അടിയിലേറെ വെള്ളവും അതിനു പുറമേ ചെളിയും ഉള്ള പാടശേഖരത്തിലാണ് ടവര്‍. മൂന്ന് പേര്‍ക്കു മാത്രം ഇരിക്കാവുന്ന വഞ്ചിയിലാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഇവിടേക്കു പോയിരുന്നത്. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ ഒരു സുരക്ഷയും ഇല്ലായിരുന്നു.
അപ്പുണ്ണിയുടെ മകനാണ് മരിച്ച ബൈജു. ഭാര്യ: അമ്പിളി. മകള്‍: അനുപമ (രാമവര്‍മപുരം കേന്ദ്രീയ വിദ്യാലയ ആറാം ക്ലാസ് വിദ്യാര്‍ഥിനി).