മഴയിൽ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി ; കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം, ഞെട്ടൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2019 07:22 AM |
Last Updated: 10th August 2019 07:22 AM | A+A A- |
കണ്ണൂർ: തകർന്ന വീടിൽ രക്ഷാപ്രവർത്തനത്തിന് പോയവർ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കണ്ണൂർ കക്കാട് കോർജാൻ യു പി സ്കൂളിനു സമീപം കനത്തമഴയിൽ തകർന്ന വീടിനുള്ളിലാണ് സ്ത്രീയുടെ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കോർജാൻ യു.പി.സ്കൂളിനു സമീപം പ്രഫുൽ നിവാസിൽ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയിൽ കണ്ടത്.
അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാർ പറയുന്നു. ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകർന്നുവീണത്.
വീട്ടിനുള്ളിൽ ആളുണ്ടെന്ന സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു. തുടർന്ന് അവരും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് ഉള്ളിൽക്കടന്നപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങൾക്കുമുൻപേ മരിച്ചതാകുമെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂർ സ്പിന്നിങ് മിൽ ജീവനക്കാരിയായിരുന്നു രൂപ. പരേതനായ തിലകൻ സഹോദരനാണ്.