മഴ കുറഞ്ഞു: ഗതാഗതം സുഗമമാകുന്നു; മൂവാറ്റുപുഴ തിരിച്ചുകയറുന്നു...
By സമകാലികമലയാളം ഡെസ്‌ക് | Published: 10th August 2019 05:41 PM |
Last Updated: 10th August 2019 05:41 PM | A+A A- |

വെള്ളപ്പൊക്കം ബാധിച്ച മൂവാറ്റുപുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നുവെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. മഴ കുറഞ്ഞു, മലങ്കര ഡാമിലെ ജലനിരപ്പ് 40.18 മീറ്റര്‍ ആയി താഴ്ന്നു. 6 ഷട്ടറുകള്‍ ഉയര്‍ത്തി 30 സെ.മി. വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്.നഗരസഭ, പഞ്ചായത്ത് പരിധിയില്‍ വെള്ളം ഇറങ്ങിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
റോഡ് ഗതാഗതം സുഗമമാകുന്നു. ക്യാമ്പുകളില്‍ നിന്ന് വീട് ശുചീകരണത്തിനായി കുടുംബാംഗങ്ങള്‍ ഇന്ന് വീടുകളില്‍ എത്തി തുടങ്ങി. മൂവാറ്റുപുഴയിലെ കച്ചവടക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും വലിയ ദുരിതമാണ് ഒരിക്കല്‍ കൂടി ഉണ്ടായത്.പെരുന്നാളും ഓണവും പ്രതീക്ഷിച്ച് കാത്തിരുന്ന വ്യാപാരികള്‍ വീണ്ടും നിരാശരായി. കഴിഞ്ഞ പ്രളയം ഏല്പിച്ച ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പ് വീണ്ടും എത്തിയ വെള്ളപ്പൊക്കം ആയിരങ്ങളെ കഷ്ടപ്പാടില്‍ നിന്ന് ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു.
സങ്കട കടലില്‍ ആണ് വാസ്തവത്തില്‍ നമ്മുടെ വ്യാപാരി സമൂഹം.ഹോട്ടലുകള്‍ മുതല്‍ വസ്ത്രവ്യാപാരങ്ങള്‍ വരെ പ്രയാസത്തില്‍. ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ മുതല്‍ സമൂഹത്തിന്റെ നാനാ മേഖലയിലും അനക്കം ഇല്ല. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാകട്ടെ കൃഷിനാശത്താല്‍ പൊറുതിമുട്ടി. കര്‍ഷക ദിനത്തിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷ കൈവിടാതെ മുന്നേറാന്‍ വയ്യാത്ത സാഹചര്യവും.ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കും വെള്ളം കയറിയ വീടുകളിലും സൗജന്യ റേഷനും, ഇതര സഹായങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടന്ന് വരുന്ന പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടുകയല്ലാതെ മറ്റ് വഴികള്‍ നമ്മുടെ മുമ്പില്‍ ഇല്ല...കഴിഞ്ഞ രണ്ട് ദിവസം നിങ്ങള്‍ ഓരോരുത്തരും നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി.- അദ്ദേഹം കുറിച്ചു.