വെളളക്കെട്ടിന്റെ ആഴം അറിയാതെ ബസ് മുന്നോട്ടേക്ക്, വെളളം ഇരച്ചുകയറിയതോടെ യാത്രക്കാരുടെ ബഹളം; വിഹ്വലരായി 42 യാത്രക്കാര്‍, അതിജീവനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th August 2019 12:07 PM |
Last Updated: 10th August 2019 12:07 PM | A+A A- |
കൊച്ചി: കനത്തമഴയില്‍ ഒഴുക്കില്‍പ്പെട്ട് കെഎസ്ആര്‍ടിസി ബസും. വെളളക്കെട്ടില്‍ കുടുങ്ങിയ ബസിലുണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഇന്നലത്തെ മഴയില്‍ കോതയാര്‍ കരകവിഞ്ഞ് കോതമംഗലം - മൂവാറ്റുപുഴ റൂട്ടില്‍ വെള്ളം കയറിയതോടെയാണ് അതുവഴി പോയ കെഎസ്ആര്‍ടിസി ബസ് ഒഴുക്കില്‍പെട്ടത്. തിരുവനന്തപുരം - മാട്ടുപ്പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് പുലര്‍ച്ചെ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്. ബസില്‍ ജീവനക്കാരും 42 യാത്രക്കാരുമാണുണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ജീവനക്കാരെയും യാത്രക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു.
കൊച്ചി-ധനുഷ്‌കോടി റോഡിലെ കാരക്കുന്നം, കക്കടാശേരി ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. വെള്ളക്കെട്ടിന്റെ ആഴം അറിയാതെ െ്രെഡവര്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ബസ് നിയന്ത്രിക്കാനാകാതെ വരികയും ഉള്ളിലേക്കു വെള്ളം കയറുകയും ചെയ്തതോടെ യാത്രക്കാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കി.
തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി യാത്രക്കാരെ മുഴുവന്‍ രക്ഷപ്പെടുത്തി മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലെത്തിച്ചു. കോതമംഗലത്തെ പ്രഫഷനല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്നു യാത്രക്കാരില്‍ കൂടുതലും.