ഒന്നരമണിക്കൂര്‍ തകര്‍ന്ന വാനില്‍ ജീവന് വേണ്ടി പിടഞ്ഞു; വാതില്‍ പൊളിച്ചു പുറത്തെടുത്തിട്ടും യുവാവിന് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ചു തകര്‍ന്ന മിനി വാനില്‍ കുടുങ്ങി ഡ്രൈവവര്‍ക്ക് ദാരുണാന്ത്യം.
ഒന്നരമണിക്കൂര്‍ തകര്‍ന്ന വാനില്‍ ജീവന് വേണ്ടി പിടഞ്ഞു; വാതില്‍ പൊളിച്ചു പുറത്തെടുത്തിട്ടും യുവാവിന് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ചു തകര്‍ന്ന മിനി വാനില്‍ കുടുങ്ങി ഡ്രൈവവര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂര്‍ കാഞ്ഞിരമലയില്‍ തോമസ് ജോണിന്റെ മകന്‍ സിജോ തോമസ് (25) ആണ് മരിച്ചത്. വാനില്‍ ഒന്നര മണിക്കൂറിലേറെ മരണത്തോട് മല്ലടിച്ച സിജോയെ വാതില്‍ മുറിച്ച് പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അഗ്‌നിശമനസേനയുടെ ഹൈഡ്രോളിക് കട്ടര്‍ കേടായതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്. വാനില്‍ ഒപ്പമുണ്ടായിരുന്ന കോതമംഗലം സ്വദേശി ഹാബേലി(35)നെ കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് യാത്രക്കാരായ 21 പേരെ പരുക്കുകളോടെ കൊട്ടാരക്കരയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാവിലെ ആറരയോടെ എംസി റോഡില്‍ മൈലം ജംക്ഷനു സമീപമായിരുന്നു അപകടം. റബര്‍ ഷീറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആസിഡും മറ്റുമായി അടൂരില്‍ നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു മിനി വാന്‍.

തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടെ മിനി വാനില്‍ ഇടിക്കുകയായിരുന്നു. വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊട്ടാരക്കരയില്‍ നിന്ന് അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി. ഹാബേലിനെ പുറത്തെടുത്ത ശേഷം വാനിന്റെ വാതില്‍ മുറിച്ചു മാറ്റി സിജോയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈഡ്രോളിക് കട്ടര്‍ തകരാറിലായത്. പിന്നീട് പത്തനാപുരത്ത് നിന്നു കട്ടര്‍ എത്തിച്ചപ്പോഴേക്കും വൈകി.

എംസി റോഡിലുണ്ടായ അപകടത്തിന് ഇടയാക്കിയത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന്റെ അമിത വേഗമാണെന്ന് പൊലീസ് വ്യക്തമാക്കി.  ഇന്നലെ പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ലോറിയെ മറികടക്കാന്‍ അമിത വേഗത്തിലായിരുന്ന ബസ്, നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കയറി പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com