കവളപ്പാറയിലും പുത്തുമലയിലും കനത്ത മഴ; രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു

അതേസമയം കനത്ത മഴ പെയ്യുന്നതിനാൽ കവളപ്പാറയിലെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറുകയാണ്
കവളപ്പാറയിലും പുത്തുമലയിലും കനത്ത മഴ; രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുന്നു

മലപ്പുറം: ഉരുൾപ്പൊട്ടലിൽ കനത്ത നാശമുണ്ടായ മലപ്പുറം കവളപ്പാറയിൽ കാണാതായവർക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ ഇന്ന് രാവിലെ തുടങ്ങും. വയനാട്ടിലെ പുത്തുമലയിലും, മലപ്പുറം കോട്ടക്കുന്നിലും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. 

അതേസമയം കനത്ത മഴ പെയ്യുന്നതിനാൽ കവളപ്പാറയിലെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറുകയാണ്. ഇവിടെ സൈന്യത്തിന് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. പുത്തുമലയിലും കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. 

വയനാട്ടിൽ മഴ തുടരുന്നതിനാൽ ഉരുൾപ്പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാസർകോട് ജില്ലയിലും കനത്ത മഴയും കാറ്റുമാണ്. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. 

കവളപ്പാറയിൽ 40തിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴ പെയ്യാൻ തുടങ്ങിയത് മുതൽ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണമായും ഇല്ലാതായി. പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്. പാലങ്ങളും റോഡുകളും തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിപ്പെടാൻ ആർക്കും സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് സംഭവിച്ച ദുരന്തം പുറം ലോകം അറിയാൻ ഏറെ സമയമെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com