'പത്തടി താഴ്ചയില്‍ എന്റെ പെങ്ങളുടെ കുട്ടിയുണ്ട്, കണ്ടുനില്‍ക്കാനേ സാധിച്ചുളളൂ, ദ്വീപിലകപ്പെട്ട പോലെ'; മരവിച്ച മനസ്സുമായി കവളപ്പാറ 

വയനാട്ടെ പുത്തുമലയ്ക്ക് പിന്നാലെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് വടക്കന്‍ കേരളം
'പത്തടി താഴ്ചയില്‍ എന്റെ പെങ്ങളുടെ കുട്ടിയുണ്ട്, കണ്ടുനില്‍ക്കാനേ സാധിച്ചുളളൂ, ദ്വീപിലകപ്പെട്ട പോലെ'; മരവിച്ച മനസ്സുമായി കവളപ്പാറ 

മലപ്പുറം: വയനാട്ടെ പുത്തുമലയ്ക്ക് പിന്നാലെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് വടക്കന്‍ കേരളം. 80 ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ അനൗദ്യോഗിക കണക്കുകള്‍. ഉരള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും സമ്പാദ്യവുമെല്ലാം നഷ്ടമാകുന്നത് നോക്കിനില്‍ക്കാനെ കവളപ്പാറയിലെ ജനങ്ങള്‍ക്ക് സാധിച്ചിട്ടുള്ളൂ. മുത്തപ്പന്‍ കുന്നിടിഞ്ഞ് ആ മണ്ണിനിടയില്‍ ഒരുപാട് പേര്‍ കുടുങ്ങിയിട്ടുണ്ട്.  ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് ചിലര്‍ ഓടിക്കയറി. 

'കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടത് മാത്രമേ ഓര്‍മയുള്ളൂ. നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി.'- ദുരന്തം നേരില്‍ കണ്ടവരുടെ വാക്കുകളില്‍ ഒന്നാണിത്.10-12 അടി പൊക്കത്തിലാണ് മണ്ണ് വന്ന് കിടക്കുന്നത്. മണ്ണിനൊടൊപ്പം നിറയെ മരങ്ങളുമുണ്ട്. ഇതെല്ലാം മാറ്റിയാല്‍ മാത്രമേ ആരെല്ലാം മണ്ണിനടിയിലുണ്ടെന്ന് അറിയാന്‍ സാധിക്കൂവെന്ന് കവളപ്പാറ നിവാസികള്‍ പറയുന്നു.

'പത്തടി താഴ്ചയില്‍ എന്റെ പെങ്ങളുടെ കുട്ടിയുണ്ട്. ജെസിബി കൊണ്ട് അശ്രദ്ധമായി മണ്ണ് മാന്താനും സാധിക്കില്ല. കുട്ടികളടങ്ങുന്ന ഒരു കുടുംബത്തിലെ 9 പേരെ നഷ്ടമായിട്ടുണ്ട്. രണ്ട് കുട്ടികളെ ഇന്നലെ കണ്ടെടുത്തു. വീടിനുള്ളില്‍ ഭാര്യയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രക്ഷപെടുത്താനായില്ല. ശബ്ദം കേട്ടുകൊണ്ട് നില്‍ക്കാനെ സാധിച്ചുള്ളൂ. കണ്ണടച്ച് തുറന്നപ്പോള്‍ ഞങ്ങളെല്ലാവരും ഒരു ദ്വീപിലകപ്പെട്ട പോലെയായി'- ദുരന്തത്തിന് നേര്‍സാക്ഷികളായവരുടെ മറ്റു ചില വാക്കുകളാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com