വരും മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യത; 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ജാ​ഗ്രത

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
വരും മണിക്കൂറുകളിൽ തീവ്ര മഴയ്ക്ക് സാധ്യത; 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; ജാ​ഗ്രത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം കാണാതായ എട്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ, രണ്ട് ദിവസത്തെ മഴയിൽ ജീവൻ നഷ്ടപ്പെട്ടവർ 44 ആയി. 

തുടര്‍ച്ചയായ മൂന്നാം ദിവസവും അതിശക്തമായ മഴ തുടരുകയാണ് . വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം ദുരിതമുണ്ടായിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെ പേരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. 

നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93,088 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. 

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുളായി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി. കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറു കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഭാരതപ്പുഴ പൊന്നാനി കര്‍മ റോഡ് നിറഞ്ഞൊഴുകിയത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറ​ഞ്ഞൊഴുകി. ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍ നിന്ന് ജലം ഇറങ്ങി തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com