ശക്തമായ മഴ: ഡാമുകളില്‍ 34% വെള്ളം, ഇന്നലെ മാത്രം 34.4 കോടി യൂണിറ്റിന്റെ നീരൊഴുക്ക്

പമ്പ 50%, കക്കി 25%, ഷോളയാര്‍ 40%, ഇടമലയാര്‍ 40%, ബാണാസുര സാഗര്‍ 78% എന്നിങ്ങനെയാണു ജലനിരപ്പ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ വൈദ്യുതി ബോര്‍ഡിന്റെ പ്രധാന ഡാമുകളില്‍ 34% വെള്ളമെത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ 34.4 കോടി യൂണിറ്റിന്റെ നീരൊഴുക്കാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നീരൊഴുക്കാണിത്. ഡാമുകളിലെ ജലനിരപ്പ് സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇടുക്കിയില്‍ ഇപ്പോള്‍ 32% വെള്ളമേയുള്ളൂ. പമ്പ 50%, കക്കി 25%, ഷോളയാര്‍ 40%, ഇടമലയാര്‍ 40%, ബാണാസുര സാഗര്‍ 78% എന്നിങ്ങനെയാണു ജലനിരപ്പ്. ബാണാസുര സാഗര്‍ ഡാം ഏതു നിമിഷവും തുറക്കും. വൈദ്യുതി ബോര്‍ഡിന്റെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകള്‍ തുറന്നിട്ടുണ്ട്. ബോര്‍ഡിന്റെ ചെറിയ ഡാമുകളാണു നിറഞ്ഞത്. 

തമിഴ്‌നാടിന്റെ അപ്പര്‍ ഷോളയാര്‍ ഡാം അതിവേഗം നിറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലത്തെ ജലനിരപ്പ് 2333.12 അടി (710.074 മീറ്റര്‍). കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ജലനിരപ്പ് - 2398.40 അടി (731.032 മീറ്റര്‍). മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നലത്തെ ജലനിരപ്പ് -125.2 അടി (38.16 മീറ്റര്‍); കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 133.60 അടി (40.72 മീറ്റര്‍).

ശബരിഗിരി പദ്ധതിയില്‍ 29% ജലം മാത്രമേയുള്ളതിനാല്‍ ഇനിയും ജലം സംഭരിക്കാം. മണിയാര്‍ തടയണയുടെ 5 ഷട്ടറുകള്‍ തുറന്നു. കൊച്ചു പമ്പ ഡാമില്‍ 974.6 മീറ്ററും, കക്കിയില്‍ 952.65 മീറ്ററുമാണ് ജല നിരപ്പ്. ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിലെ 90 ഷട്ടറുകള്‍, തോട്ടപ്പള്ളി സ്പില്‍വേയിലെ 38 ഷട്ടറുകള്‍, അന്ധകാരനഴിയിലെ 20 ഷട്ടറുകള്‍ എന്നിവ തുറന്നിട്ടുണ്ട്. തോട്ടപ്പള്ളിയിലെ ശേഷിക്കുന്ന 2 ഷട്ടറുകളും ഉടന്‍ തുറക്കും. പാലക്കാട് മംഗലം, വാളയാര്‍, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com