'സ്വന്തം ജീവന്‍ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ്; ദയവായി ഓഫീസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയരുത്'; അഭ്യര്‍ത്ഥന
By സമകാലികമലയാളം ഡെസ്‌ക് | Published: 11th August 2019 01:02 PM |
Last Updated: 11th August 2019 01:02 PM | A+A A- |

കൊച്ചി: കഴിഞ്ഞ പ്രളയക്കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ച വിഭാഗമാണ് കെഎസ്ഇബി ജീവനക്കാര്‍. അപകടങ്ങള്‍ ഒഴിവാക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും രാപകല്‍ വ്യത്യാസമില്ലാതെയാണ് ഇവര്‍ ഓടി നടന്നത്. ഇത്തവണയും പ്രളയസമാനമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിനനുസരിച്ച് ഇവരുടെ അത്യധ്വാനവും ഉയര്‍ന്നിരിക്കുകയാണ്. ഇതൊന്നും തിരിച്ചറിയാതെ പ്രതികരിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് കെഎസ്ഇബി.
'രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന്‍ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ ...ദയവായി കെഎസ്ഇബി ഓഫീസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക...'- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വരികളാണിത്. വൈദ്യുതി ലൈന്‍ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അറിയിച്ച് അപകടം ഒഴിവാക്കാന്‍ സഹായിക്കണമെന്നും കെഎസ്ഇബി കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നു.