നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴക്കെടുതിയില്‍ മരണം 76 (വീഡിയോ)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്
നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴക്കെടുതിയില്‍ മരണം 76 (വീഡിയോ)

കൊച്ചി: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. 

നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷമായി തന്നെ തുടരുകയാണ്. മഴ ദുരിതത്തില്‍ 76 പേരാണു മരിച്ചത്. 67 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യമ്പുകളിലായി 73,076 കുടുംബങ്ങളിലെ 2,51,831 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യമ്പുകളുള്ളത് 313. തൃശൂരില്‍ 251, മലപ്പുറത്ത് 235, വയനാട് 210 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,059 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.  

സംസ്ഥാനത്താകെ 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

മലപ്പുറം, വയനാട് ജില്ലകളിലെ ദുരന്തമുണ്ടായ പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന രംഗത്തിറങ്ങി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. വെള്ളക്കെട്ടില്‍ വീണും ആളുകള്‍ മരിച്ചു. 

കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നെടുമ്പാശേരിയില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങിയിട്ടുണ്ട്. പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. കോട്ടയത്തു നിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി- ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com