പുറത്ത് വെളളം,'അകത്തും'; വെളളക്കെട്ടിലേക്ക് കാര്‍ ഓടിച്ച് യുവാക്കളുടെ സാഹസികത, താക്കീത് 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും താക്കീത് നല്‍കി വിട്ടയച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വെളളക്കെട്ടുളള പ്രദേശങ്ങളില്‍ വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതുപാലിക്കാതെ വാഹനം ഓടിക്കുന്നവരും നിരവധിയുണ്ട്. ആലുവയില്‍ മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കള്‍  നാലടിയോളം വെളളം പൊങ്ങിയ റോഡിലേക്ക്  കാര്‍ ഓടിച്ചിറക്കി. കാര്‍ വെളളക്കെട്ടില്‍ കുടുങ്ങിയെങ്കിലും ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും താക്കീത് നല്‍കി വിട്ടയച്ചു.

നഗരത്തോട് ചേര്‍ന്ന് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. നേതാജി റോഡ് വഴി എത്തിയ സ്വിഫ്റ്റ് കാറാണ് വെള്ളംപൊങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തത്.50 മീറ്റര്‍ ആയപ്പോഴേക്കും എന്‍ജിന്‍ നിന്നു. കാര്‍ പൂര്‍ണമായി വെള്ളത്തിലാകുകയും ചെയ്തു. ഇതിനിടെ കാറിലുണ്ടായിരുന്നവര്‍ സാഹസികമായി പുറത്തിറങ്ങി. 

എടയപ്പുറം, ഏലൂര്‍ സ്വദേശികളായിരുന്നു ഇരുവരും. സ്ഥലത്തില്ലാതിരുന്നതിനാല്‍ റോഡ് വെള്ളത്തില്‍ മുങ്ങിയത് അറിയില്ലായിരുന്നുവെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. ടൗണ്‍ഷിപ്പ് റോഡിന് ഇരുവശവും പാടശേഖരമാണ്. പാടശേഖരവും സമീപത്തെ തോടും നിറഞ്ഞാണ് റോഡ് മുങ്ങുന്നത്. റോഡും പാടശേഖരവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശനിയാഴ്ച രാവിലെ നാട്ടുകാരെത്തി കാര്‍ കരയ്ക്കുകയറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com