മൗനം ഭാഷയാക്കിയ കവി: ആറ്റൂരിനെക്കുറിച്ച് ടിപി രാജീവന്‍

ആറ്റൂര്‍ രവിവര്‍മ്മയുടെ ക്ലാസ്സിലിരുന്നു ഭാഷയും കവിതയും പഠിച്ച ഒരു വിദ്യാര്‍ത്ഥിയല്ല ഞാന്‍.
മൗനം ഭാഷയാക്കിയ കവി: ആറ്റൂരിനെക്കുറിച്ച് ടിപി രാജീവന്‍

തൃശൂര്‍ പോകാന്‍ എനിക്കിനി പഴയ ഉത്സാഹമുണ്ടാകുമെന്നു തോന്നുന്നില്ല. സാഹിത്യം, സംഗീതം, നാടകം, ലളിതകല തുടങ്ങിയവയ്ക്കുള്ള അക്കാദമികളോ പൂരക്കാഴ്ചകളോ ആയിരുന്നില്ല അവിടേയ്ക്കു കൊണ്ടുപോയത്. അക്കാദമികള്‍ക്ക് മുഖം തിരിഞ്ഞുനിന്ന, മനസ്സിലെപ്പോഴും ഇലഞ്ഞിത്തറമേളം സൂക്ഷിച്ച, 'അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ തൊട്ടിടഞ്ഞിടം/എനിക്കു കൊതിനിന്‍ വാലിന്‍ രോമം കൊണ്ടൊരു മോതിരം' എന്ന് 'മേഘരൂപനോട്' പറഞ്ഞ ഒരു മനുഷ്യനായിരുന്നു അവിടേയ്ക്കുള്ള ആകര്‍ഷണം. സര്‍ഗ്ഗാത്മകതയുടെ, ഭാഷ, ഭാവന, ചിന്ത തുടങ്ങിയ തെളിച്ചങ്ങളുടെ ഉറവിടമായ ഒരു കവി-ആറ്റൂര്‍ രവിവര്‍മ്മ. അദ്ദേഹം ഇപ്പോള്‍ അവിടെയില്ല.

ആറ്റൂര്‍ രവിവര്‍മ്മയുടെ ക്ലാസ്സിലിരുന്നു ഭാഷയും കവിതയും പഠിച്ച ഒരു വിദ്യാര്‍ത്ഥിയല്ല ഞാന്‍. അദ്ദേഹമാകട്ടെ, എല്ലാ കാലവും ഒരാളെ വിദ്യാര്‍ത്ഥിയായിത്തന്നെ നിലനിര്‍ത്തുന്ന അദ്ധ്യാപകനുമായിരുന്നില്ല. വിചിത്രവും എളുപ്പം വഴങ്ങാത്തതുമായ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഏതോ കാവ്യഗോത്രത്തിലെ മാന്ത്രികനായിരുന്നു. എന്നിട്ടും, പുതിയ കവിത എഴുതിയാല്‍, എഴുത്തില്‍ ക്ലേശം തോന്നിയാല്‍ ഞാന്‍ അദ്ദേഹത്തെ തേടിച്ചെന്നു. രോഗം മൂര്‍ച്ചിച്ച കുഞ്ഞിനെ തോളിലെടുത്ത് അമ്മമാര്‍ പോകുന്നതുപോലെ. എന്നിലേയും എന്റെ എഴുത്തിലേയും 'ഗതികിട്ടാത്തതെല്ലാം ഒരു യന്ത്രംപോലെ അഴിച്ചെടുത്ത്' നിഗൂഢമായ 'സംക്രമണ' ക്രിയകളിലൂടെ എങ്ങനെ പുതുക്കിപ്പണിയാമെന്നു മൗനം ഭാഷയാക്കി അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. ഓരോ തവണയും പുതിയൊരാളായി ഞാന്‍ തിരിച്ചുപോന്നു.

പല വഴികളും ഇടങ്ങളുമുള്ള കാവ്യചരിത്രത്തില്‍ സ്വന്തം വഴിയും ഇടവും അവ എത്ര ചെറുതായാലും, കണ്ടെത്തുന്ന പരിശീലനമാണ് ആറ്റൂര്‍ രവിവര്‍മ്മയുമായി സംസാരിച്ചപ്പോഴും അദ്ദേഹത്തെ വായിച്ചപ്പോഴും എനിക്കു ലഭിച്ചത്. ''പിറന്നയൂരില്‍ പോകണം നീ വളര്‍ന്നൊരാളായാല്‍'' എന്ന 'പിതൃഗമന'ത്തിലെ വരികള്‍ എപ്പോഴും പിന്നാലെ വന്നു.

തോമസ് ട്രാന്‍സ്ട്രോമര്‍, വിസ്ലാവ ഷിംബോഗ്‌സ്‌ക്കാ, അഡോണിസ്, ബെന്‍ ഓക്രി, ജോണ്‍ ആഷ്ബറി, ഡോം മൊറേയ്‌സ് എന്നീ വലിയ കവികളെ കാണാനും അവരുമായി സംസാരിക്കാനും കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഗ്രഹവുമായി ഞാന്‍ കാണുന്നു. സ്വാഭാവികമായിരുന്നു ഇവര്‍ക്കെല്ലാം കവിത എഴുത്ത്. പ്രകൃതിയില്‍ കാറ്റുപോലെ, ജലംപോലെ അവരുടെ ജീവിതത്തില്‍ കവിത എന്നു തോന്നി. വെള്ളവും വായുവും ഭക്ഷണവുംകൊണ്ടു മാത്രമല്ല അവര്‍ ജീവിക്കുന്നത്. കവിതകൊണ്ട്, എഴുത്തുകൊണ്ട് കൂടിയാണ്. ഇങ്ങനെയൊരു സ്വാഭാവികത മലയാളത്തില്‍ അനുഭവപ്പെട്ടത് ആറ്റൂര്‍ രവിവര്‍മ്മയിലാണ്. ആറ്റൂരില്‍, കവിതയ്ക്കുവേണ്ടി മാത്രമായി ഒരു വിഷയമില്ല. കവിതയ്ക്കു പറ്റാത്ത വിഷയവുമില്ല. വിഷയമല്ല കവിത. കവിതയാണ് വിഷയം.

തന്നിലെ കവിയെ എങ്ങനെയാണ് തിരിച്ചറിഞ്ഞത് എന്ന് ഒരിക്കല്‍ ഞാന്‍ ആറ്റൂരിനോടു ചോദിച്ചു: ''അതങ്ങനെ സംഭവിച്ചു'', സ്വാഭാവികമായിരുന്നു മറുപടി. വലിയ കാവ്യപാരമ്പര്യങ്ങളൊന്നും ആറ്റൂര്‍ ഒരിക്കലും അവകാശപ്പെടില്ല. ''വീട്ടില്‍, അമ്മ രാമായണം വായിക്കുന്നത് കേള്‍ക്കുമായിരുന്നു, ക്ഷേത്രങ്ങളില്‍ കഥകളിയും ഓട്ടംതുള്ളലും കൂത്തും കാണാന്‍ പോകുമായിരുന്നു, അപ്പോഴൊക്കെ എന്റെ ശ്രദ്ധ ചുറ്റുമുള്ള ഇരുട്ടിലായിരുന്നു, അവിടെയായിരുന്നു എന്നിലെ സന്ദേഹിയായ കവി പതുങ്ങിനിന്നത്'' ആറ്റൂര്‍ പറഞ്ഞു.

ആറ്റൂര്‍ കവിതകളുടെ വ്യത്യാസം തിരിച്ചറിഞ്ഞ പഠനം ആദ്യം നടത്തിയത് കവിയുടെ സുഹൃത്തും ചരിത്രകാരനുമായ ഡോ. എം. ഗംഗാധരനാണ്. 'ആഴത്തിന്റെ താളം' എന്നാണ്. 'കവിത, ആറ്റൂര്‍ രവിവര്‍മ്മ' എന്ന ആദ്യ സമാഹാരത്തിനു ഡോ. ഗംഗാധരന്‍ എഴുതിയ അവതാരികയുടെ ശീര്‍ഷകം. ആദ്യ സമാഹാരം മുതല്‍ അവസാന സമാഹാരം വരെ വ്യാപിക്കുന്ന ഈ ശീര്‍ഷകത്തിന്റെ തരംഗചലനം. 'കൃഷ്ണശിലതന്‍ താളം' എന്ന് 'മേഘരൂപ'ന്റെ താളത്തെ വിന്യസിച്ച കവിതയുടെ താളം!
ആദ്യമായി പരിചയപ്പെടുമ്പോള്‍ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കലാപകാരിയായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ എന്നും ഗംഗാധരന്‍ എഴുതുന്നുണ്ട്. ആ കാലത്തെപ്പറ്റി ചോദിച്ചപ്പോള്‍ കവി പറഞ്ഞത് ഇങ്ങനെ:

ഒരു സന്ദേഹിയായിരുന്നു ഞാന്‍ എന്നു മാത്രമേ എനിക്കറിയൂ. തലമുറകളായി കൈമാറിക്കിട്ടിയ മൂല്യങ്ങള്‍ ഇരുണ്ടതും നിരാശാജനകവുമായിരുന്നു എന്ന തോന്നലായിരുന്നു എനിക്ക്. ചുറ്റും ഇരുട്ടു മാത്രമേ കണ്ടുള്ളൂ. തുറസ്സിനും സ്വാതന്ത്ര്യത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള അശാന്തമായ ആഗ്രഹം എന്നില്‍ ഉണര്‍ന്നുവന്നു. ആ കാലത്തെ പലരേയും പോലെ കമ്യൂണിസം എന്നേയും ആകര്‍ഷിച്ചു. അങ്ങനെ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായി.

''ആ കാലത്തും കവിതകള്‍ എഴുതിയിട്ടുണ്ടാവുമല്ലോ, പ്രകടമായി, ഇടതുപക്ഷ, പുരോഗമന ആശയങ്ങള്‍ ആവിഷ്‌കരിച്ച കവിതകള്‍. സമാഹാരങ്ങളിലൊന്നും അവ ഉള്‍പ്പെടുത്താതെ പോയത് എന്തുകൊണ്ട്?'' ഞാന്‍ ചോദിച്ചു.
''അവ നന്നല്ല എന്ന് എനിക്കു തോന്നി. അതിനിടയില്‍ കവിതയെപ്പറ്റിയുള്ള എന്റെ സങ്കല്പങ്ങള്‍ മാറി. സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളും പ്രമേയങ്ങളും പദ്യത്തില്‍ ആവിഷ്‌കരിക്കലല്ല കവിത എന്നു ഞാന്‍ തിരിച്ചറിഞ്ഞു. പദസമ്പത്ത്, പറച്ചില്‍ രീതി, ബിംബങ്ങളുടേയും പ്രതികരണങ്ങളുടേയും ഘടന തുടങ്ങിയവ മാറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നവീകരിക്കപ്പെടേണ്ടതുണ്ട്. ആവിഷ്‌കാരത്തിനു തെളിച്ചവും നേര്‍വഴികളും വേണം. ആ കാലത്ത് ഞാന്‍ എഴുതിയ കവിതകളൊന്നും ഈ അര്‍ത്ഥത്തില്‍ എന്നെ തൃപ്തിപ്പെടുത്തുന്നവയായിരുന്നില്ല'', ആറ്റൂര്‍ പറഞ്ഞു.
സംഗീതത്തെ വളരെയധികം ഇഷ്ടപ്പെട്ട കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. വിശേഷിച്ച് കര്‍ണാട്ടിക്ക്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം. പുസ്തകങ്ങള്‍ പോലെത്തന്നെ സമ്പന്നമായ സംഗീതശേഖരമുണ്ടായിരുന്നു, തൃശൂര്‍ രാഗമാലികാപുരത്തെ 'ശഹാന' എന്ന വീട്ടില്‍ യാത്ര പ്രയാസമാകുന്നതുവരെ തഞ്ചാവൂരിലും ഗ്വാളിയറിലും ചെന്നൈയിലും കച്ചേരികള്‍ കേള്‍ക്കാന്‍ മാത്രമായി പോകുമായിരുന്നു, തീര്‍ത്ഥാടനത്തിനു പോകുന്നതുപോലെ. പക്ഷേ, പാട്ടിന്റെ പകിട്ടിന് ഒരിക്കലും കവിതയെ വിട്ടുകൊടുത്തില്ല. ഇതൊരു വൈരുദ്ധ്യമല്ലേ എന്നു ചോദിച്ചപ്പോള്‍ കവി അതു വിശദീകരിച്ചു:
ഒരു വൈരുദ്ധ്യവുമില്ല. കവിതയും സംഗീതവും വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങളാണ്. ഓരോന്നിനും അതിന്റേതായ സ്വതന്ത്ര സഞ്ചാരമേഖലകളുണ്ട്. കവിതയിലെ സംഗീതവും സംഗീതാലാപനത്തിലെ സംഗീതവും തമ്മില്‍ യാതൊരു താരതമ്യവുമില്ല. ബാഹ്യമായതിനെ ഭാഷയിലൂടെ ആന്തരികവല്‍ക്കരിക്കുന്ന കലയാണ് കവിത. സംഗീതം ശബ്ദത്തിലൂടെയാണ് അതു ചെയ്യുന്നത്.

മറ്റു പല കവികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ചു കവിതകള്‍ മാത്രമേ ആറ്റൂര്‍ രവിവര്‍മ്മ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. എഴുതിയിട്ടുണ്ടായിരിക്കാം. പല ആദ്യകാല കവിതകളും പോലെ തൃപ്തി തോന്നാത്തതുകൊണ്ട് ഉപേക്ഷിച്ചതായിരിക്കാം. പക്ഷേ, അതിനുള്ള കവിയുടെ വിശദീകരണം മറ്റൊന്നാണ്.

''ഞാന്‍ മൗനം ഇഷ്ടപ്പെടുന്നു. നിശ്ശബ്ദതയില്‍നിന്ന് ജനിക്കുന്നതാണ് എന്റെ കവിതകള്‍. ഞാന്‍ നിശ്ശബ്ദത പരിശീലിക്കുകയാണ്. മൗനമാണ് എന്റെ ഭാഷ'', കവി നിശ്ശബ്ദനായി.

പറച്ചിലില്‍ മാത്രമായിരുന്നില്ല ആറ്റൂരിലെ അനാസക്തി. ജീവിതത്തിലും പ്രവൃത്തിയിലും അദ്ദേഹം അതു നിലനിര്‍ത്തിയിരുന്നു എന്നു എനിക്കു ബോധ്യമായത് അദ്ദേഹത്തിനു എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച അവസരത്തിലാണ്. എല്ലാ വര്‍ഷവും പോലെ ആ വര്‍ഷവും പുരസ്‌കാരത്തിനും ജാതി-മത-സമുദായ-രാഷ്ട്രീയ പരിഗണനകള്‍കൊണ്ട് പലരും ശ്രമിച്ചിരുന്നു. സി.വി. ബാലകൃഷ്ണനും അക്ബര്‍ കക്കട്ടിലും പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആറ്റൂരിനു നല്‍കേണ്ടിവന്നത്. പക്ഷേ, പുരസ്‌കാരം സ്വന്തമാക്കാന്‍ മറ്റു എഴുത്തുകാര്‍ ചെലുത്തിയ സമ്മര്‍ദ്ദങ്ങളേക്കാള്‍ വലിയ സമ്മര്‍ദ്ദം വേണ്ടിവന്നു ആറ്റൂര്‍ രവിവര്‍മ്മയെക്കൊണ്ട് അതു സ്വീകരിപ്പിക്കുവാന്‍.
പുരസ്‌കാര വാര്‍ത്ത അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍ കവി പറഞ്ഞു: ''എനിക്കിപ്പോള്‍ അതിന്റെ അത്യാവശ്യമില്ല. ആവശ്യക്കാര്‍ പലരും കാണുമല്ലോ, അവര്‍ക്കാര്‍ക്കെങ്കിലും കൊടുത്തേക്കൂ.''

സുഹൃത്തുക്കള്‍ ഇടപെട്ടു സംസാരിച്ചപ്പോഴാണ് ഒടുവില്‍ അദ്ദേഹം സമ്മതിച്ചത്. തിരുവനന്തപുരത്ത് പുരസ്‌കാരം സ്വീകരിക്കാന്‍ വരാന്‍ കുടുംബങ്ങളെവരെ പല തവണ സ്വാധീനിക്കേണ്ടിവന്നു. പാതിവഴി വന്നു തിരിച്ചുപോകുമോ എന്ന പേടിയായിരുന്നു സംഘാടര്‍ക്ക്. അതായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com