രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ; ജാഗ്രത തുടരണം : മുഖ്യമന്ത്രി 

വടക്കന്‍ ജില്ലകളില്‍ 22 പിഡബ്ലിയുഡി റോഡുകള്‍ മഴക്കെടുതിയില്‍ തകര്‍ന്നു. വീടുകളിലെ 21,6100 വൈദ്യുതി കണക്ഷനുകള്‍ തകരാറിലായി
രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ; ജാഗ്രത തുടരണം : മുഖ്യമന്ത്രി 

തിരുവനന്തപുരം : മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ രണ്ടു ദിവസം കൂടി ജാഗ്രത തുടരണം. മഴക്കെടുതിയില്‍ രാവിലെ 9 മണിവരെയുള്ള കണക്ക് അനുസരിച്ച് 60 മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

മലയോര മേഖലകളിലാണ് പ്രധാനമായും ദുരന്തങ്ങള്‍ ഉണ്ടായത്. ഇവിടങ്ങളില്‍ വിവിധ തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയും അഗ്നിരക്ഷാസേനയും രംഗത്തുണ്ട്. തിരച്ചിലിനായി അഞ്ച് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. മഴയെത്തുടര്‍ന്ന് മണ്ണ് കുഴഞ്ഞ് ചെളിയായി മാറിയിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. 

മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം നല്ല നിലയില്‍ തുടരുന്നു. പുത്തുമലയില്‍ 8 പേരെ കൂടി കണ്ടെത്താനുണ്ട്. ഒമ്പതു മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. പുത്തുമലയുടെ മറുഭാഗത്തുകുടുങ്ങിയ 70 പേരെ അതിസാഹസികമായി മറുകരയിലെത്തിക്കാന്‍ കഴിഞ്ഞു. റാണിമലയില്‍ ഒറ്റപ്പെട്ടു പോയ 60 പേരെ വനത്തിലൂടെ 10 കി മി സഞ്ചരിച്ച് മറുകരയില്‍ എത്തിച്ചു. അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക ക്യാമ്പ് സ്ഥാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വടക്കന്‍ ജില്ലകളില്‍ 22 പിഡബ്ലിയുഡി റോഡുകള്‍ മഴക്കെടുതിയില്‍ തകര്‍ന്നു. വീടുകളിലെ 21,6100 വൈദ്യുതി കണക്ഷനുകള്‍ തകരാറിലായി. 12 സബ് സ്റ്റേഷനുകളും തകരാറിലായതായി മുഖ്യമന്ത്രി അറിയിച്ചു. തമിഴ്‌നാട്ടിലെ ഷോളയാര്‍ ഡാം കനത്ത മഴ മൂലം തുറന്നുവിടുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം തുറന്നുവിട്ടാല്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇന്നലത്തേതില്‍ നിന്നും നേരിയ വ്യത്യാസം മാത്രമാണ് ഇന്നുള്ളത്. ഇടുക്കി അണക്കെട്ടില്‍ - 36.61 ശതമാനം, പമ്പ-63.36 ശതമാനം. കക്കി- 38.13 ശതമാനം എന്നിങ്ങനെയാണ് വെള്ളമുള്ളത്. വെള്ളം നിറഞ്ഞത് കുറ്റിയാടി, ബാണാസുര സാഗര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളാണ്. ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് തുറന്നുവിട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് 1551 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇതില്‍ 65548 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായി മൊത്തം 2,27333 പേരാണ് ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com