സിപിഎം കോഴിക്കോട് മുന്‍ ജില്ലാസെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

എഴുത്തുകാരന്‍ കൂടിയായ എം കേളപ്പന്‍ പണിക്കോട്ടി എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്
സിപിഎം കോഴിക്കോട് മുന്‍ ജില്ലാസെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

കോഴിക്കോട്: സിപിഎം നേതാവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന്‍ (74) അന്തരിച്ചു. വടകര സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്പത് മണിമുതല്‍ 12 മണിവരെ വടകര ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാല് മണിക്ക് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.

ദരിദ്ര കുടുംബത്തില്‍ ജനിച്ച കേളപ്പന്‍ 17 ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കിസാന്‍സഭയില്‍ പ്രവര്‍ത്തിച്ച് വൈകാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. 1975 ലാണ് ജില്ലാകമ്മിറ്റി അംഗമായത്. 1991 മുതല്‍ 2001 വരെ 10 വര്‍ഷം സിപിഎം ജില്ലാ സെക്രട്ടറിയായി.

22 വര്‍ഷത്തോളം വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ കൂടിയായ എം കേളപ്പന്‍ പണിക്കോട്ടി എന്ന പേരില്‍ നാടന്‍ പാട്ടുകളും സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ പിന്നീട് സിനിമയായത്. 

ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍, കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ ഇന്നലെ ഇന്ന് നാളെ, വടക്കന്‍ പാട്ടുകളിലൂടെ, വടക്കന്‍ പെണ്‍പെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകള്‍ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്. അമൃത സ്മരണകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com