പ്രളയം : ഭക്ഷണം പോലുമില്ലാതെ മൂന്നു ദിവസം കെട്ടിടത്തിന് മുകളില്‍ ; മധ്യവയസ്‌കനെ രക്ഷപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2019 02:51 PM |
Last Updated: 12th August 2019 02:51 PM | A+A A- |
കണ്ണൂര്‍ : കണ്ണൂര്‍ ശ്രീകണ്ഠാപുരം ടൗണ്‍ വെള്ളത്തില്‍ മുങ്ങിയതോടെ മൂന്നുദിവസം ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിന് മുകളില്‍ കഴിഞ്ഞയാളെ രക്ഷപ്പെടുത്തി. കോഴിക്കോട് കുന്നമംഗലം നെല്ലിക്കോട്ട് വിനോദനെ (60) യാണ് പൊലീസ് സംഘം രക്ഷപ്പെടുത്തിയത്. ശ്രീകണ്ഠാപുരം ടൗണിലെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളിലാണ് ഇയാള്‍ മൂന്നുദിവസം കഴിച്ചുകൂട്ടിയത്.
കൂലിപ്പണിക്ക് ഇവിടെ എത്തിയതായിരുന്നു. മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നായിരുന്നു വിനോദന്‍ ഭക്ഷണം കഴിച്ചിരുന്നത്. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
വെള്ളം കുറഞ്ഞതോടെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘമാണ് ഇയാളെ കണ്ടത്. തുടര്‍ന്ന് പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് കൊട്ടൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.