വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബന്ധുവീട്ടിലേക്കു താമസം മാറി ; രാത്രി വീട്ടില്‍ കള്ളന്റെ വിഹാരം ; കവര്‍ച്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2019 02:29 PM |
Last Updated: 12th August 2019 02:29 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട് : വെള്ളപ്പൊക്കത്തിന് പിന്നാലെ കള്ളനെയും പേടിക്കേണ്ട അവസ്ഥയിലാണ് ഫറോക്കിലെ നാട്ടുകാര്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബന്ധുവീട്ടിലേക്കു താമസം മാറിയ ആളുടെ വീട്ടില്‍ കഴിഞ്ഞദിവസം കവര്‍ച്ച. ബോട്ട് ജെട്ടി റോഡിലെ നന്ദനത്തില്‍ സുബ്രഹ്മണ്യന്റെ വീട്ടിലാണ് രാത്രി കള്ളന്‍ കയറിയത്.
അടുക്കള വാതില്‍ കുത്തിപ്പൊളിച്ചു അകത്തു കയറിയ കള്ളന്‍ മുറികളിലെ അലമാരകള്‍ തുറന്നു സാധനങ്ങള്‍ വാരി വലിച്ചിട്ടു. വീട്ടിലുണ്ടായിരുന്ന 2000 രൂപയും കള്ളന്‍ കൊണ്ടുപോയി. ചാലിയാര്‍ തീരത്തുള്ള വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു 9നു രാത്രിയാണ് സുബ്രഹ്മണ്യനും കുടുംബവും നല്ലൂരിലെ ബന്ധു വീട്ടിലേക്കു പോയത്.
വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പ്രളയത്തെ തുടര്‍ന്നു ബോട്ട് ജെട്ടി റോഡിലെ ഒട്ടേറെ കുടുംബങ്ങള്‍ വീട് ഒഴിഞ്ഞു പോയിട്ടുണ്ട്. കൂടുതല്‍ വീടുകളില്‍ മോഷണം നടന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.