ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെന്ന് പിസി ജോര്‍ജ്; നാല് പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റി

മലയോര മേഖലകളായ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെന്ന് പിസി ജോര്‍ജ്; നാല് പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റി

കോട്ടയം: മലയോര മേഖലകളായ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഉരുള്‍പ്പൊട്ടലിനു സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചത്. നാല് പഞ്ചായത്തുകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ തുടര്‍ന്നാല്‍ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളില്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു ഭീതിയുണ്ട്. ഈ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പി തിലോത്തമന്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു നിര്‍ദേശം നല്‍കിയ പിസി ജോര്‍ജ് എംഎല്‍എ ഇതു സംബന്ധിച്ച ശബ്ദ സന്ദേശം മൊബൈല്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. 

തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള ചോനമല, അടുക്കം, വെള്ളാനി, മുപ്പതേക്കര്‍, കാരികാട്, ഒറ്റയീട്ടി, വെള്ളികുളം, അടിവാരം, ചോലത്തടം, കൈപ്പള്ളി, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതരാക്കുന്നതിനായി അഞ്ച് സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏന്തയാര്‍ ഇളംകാട് മേഖലയില്‍ മുന്‍കരുതല്‍ ഭാഗമായി ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ തീരുമാനിച്ചു. ഏന്തയാര്‍ ജെജെ മര്‍ഫി മെമ്മോറിയല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ക്യാമ്പില്‍ അപകട സാധ്യതയുള്ള മേഖലയിലെ 50 വീടുകളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം.

അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്യാമ്പുകള്‍ സജ്ജീകരിച്ചു. ജനങ്ങളെ മാറ്റുന്നതിന് ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടും. മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. മുന്‍കരുതലായി ഈരാറ്റുപേട്ടയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും തയാറാക്കി.

ഈ മാസം 15 വരെ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാകുമെന്നുള്ള മുന്നറിയിപ്പ് ശബ്ദ സന്ദേശമായാണ് പിസി ജോര്‍ജ് പ്രചരിപ്പിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശം നല്‍കിയിരിക്കുന്നത്. 

പിസി ജോര്‍ജ് എംഎല്‍എയുടെ സന്ദേശം

''സഹോദരങ്ങളെ, ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നു ലഭിക്കുന്ന അറിയിപ്പ് എന്നെ ഭീതിപ്പെടുത്തുന്നു. കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ താമസിക്കുന്ന ഒരാള്‍ പോലും രാത്രി വീട്ടില്‍ താമസിക്കാന്‍ പാടില്ല. ബന്ധു വീടുകളിലേക്കു നിങ്ങള്‍ പോകുന്നെങ്കില്‍ വിരോധമില്ല. അല്ലെങ്കില്‍ അധികൃതര്‍ ഒരുക്കിയ ക്യാംപില്‍ വന്നു താമസിക്കണം. മനസിന്റെ പ്രശ്‌നമാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടേ മതിയാകു. പകല്‍ എവിടെ പോയാലും കുഴപ്പമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കേള്‍ക്കണം. ഇത് അപേക്ഷയാണ്.''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com