കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയില്‍ ഗതാഗത തടസ്സം നീങ്ങി ; ഉച്ചയോടെ ട്രെയിന്‍ ഓടിത്തുടങ്ങും

ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട് : കനത്ത മഴയെത്തുടര്‍ന്ന് നാല് ദിവസമായി ഗതാഗതം സ്തംഭിച്ച ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ട് ട്രെയിന്‍ ഗതാഗതത്തിന് സജ്ജമായി. പാതയിലെ ഗതാഗത തടസ്സം നീങ്ങിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.  ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് 12.30 ഓടെ പാത സര്‍വീസിന് തുറന്നുകൊടുക്കാനാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

വെള്ളം ട്രാക്കുകളില്‍ നിന്ന് ഇറങ്ങി. സര്‍വീസ് പുനരാരംഭിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടുദിവസമായി റെയില്‍പാതയിലെ തടസ്സം നീക്കുന്നതിനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു റെയില്‍വേ ജീവനക്കാര്‍. കോഴിക്കോട്ടെ, ഫറോക്ക്, കല്ലായി മേല്‍പ്പാലം ഭാഗത്ത് പുഴയുടെ കുത്തൊഴുക്കും സര്‍വീസിന് തടസ്സമായി റെയില്‍വേ അധികൃതര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുഴയുടെ ഒഴുക്ക് സാധാരണ നിലയിലെത്തിയെന്നും അധികൃതര്‍ വിലയിരുത്തി. 

ഉച്ചയോടെ സര്‍വീസുകള്‍ പുന:സംഘടിപ്പിച്ച് ഷെഡ്യൂള്‍ ക്രമീകരിക്കും. വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകള്‍ കോഴിക്കോട് മംഗലാപുരം കൊങ്കണ്‍ റൂട്ടിലൂടെ കടത്തിവിടും. എന്നാല്‍ നാളെ രാവിലെ മുതല്‍ മാത്രമേ ട്രെയിന്‍ സര്‍വീസ് പൂര്‍ണതോതില്‍ സാധാരണ നിലയിലേക്ക് എത്തുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയില്‍ വെള്ളം കയറുകയും കാരക്കാടിന് സമീപം മണ്ണിടിയുകയും ചെയ്തതോടെയാണ് വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്. ഇതോടെ മലബാറിലേക്കുള്ള ട്രെയിന്‍ ഗതാഗതംതാറുമാറായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com