രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോടും വയനാട്ടിലും സന്ദര്‍ശനം നടത്തും

കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളിലാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നത്.
രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോടും വയനാട്ടിലും സന്ദര്‍ശനം നടത്തും

വയനാട്: കേരളത്തിലെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടും വയനാടും സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് പ്രളയം ഏറ്റവുമധികം നാശം വിതച്ച വയനാട് ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളും കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലും അദ്ദേഹം ഇന്ന് സന്ദര്‍ശിക്കും. ഇന്നലെ മലപ്പുറം ജില്ലയിലെ കവളപ്പാറ അടക്കമുള സ്ഥലങ്ങളിലാണ് രാഹുല്‍ ഗാന്ധി എത്തിയത്.  

കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളിലാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നത്. ആദ്യം കോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് രാഹുല്‍ എത്തുക. തുടര്‍ന്ന് പുത്തുമലയിലേക്ക് പോകും. പ്രദേശത്ത് ഇപ്പോഴും കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 

തുടര്‍ന്ന് വയനാട് ജില്ലയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ച  പനമരം, മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ മേഖലകളില്‍ എത്തും. പ്രളയ അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. കേരളം വലിയ ദുരന്തത്തെ നേരിടുമ്പോള്‍ ഒപ്പം നില്‍ക്കണമെന്ന് രാഹുല്‍ ഇന്നലെ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കവളപ്പാറ ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പ്രളയ മേഖലകളാണ് രാഹുല്‍ ഗാന്ധി ഇന്നലെ സന്ദര്‍ശിച്ചത്. നിരവധി പേര്‍ മണ്ണിനടിയിലായ കവളപ്പാറയിലും രാഹുല്‍ എത്തി. ഉറ്റവര്‍ക്കായി തെരച്ചില്‍ തുടരുന്ന ബന്ധുക്കളെ സമാശ്വസിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

എന്നാല്‍ ക്യാംപുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രളയ അവലോകന യോഗത്തിലും പങ്കെടുത്താണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് മടങ്ങിയത്. ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ ഡല്‍ഹിക്ക് മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com