പ്രളയത്തില്‍ മുങ്ങി വയറിംഗ് നശിച്ച വീടാണോ?; കെഎസ്ഇബിയുടെ 'സൗജന്യ' കൈത്താങ്ങ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th August 2019 03:41 PM |
Last Updated: 13th August 2019 03:41 PM | A+A A- |

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തിന് സമാനമായ സാഹചര്യമായിരുന്നു. വടക്കന്‍ കേരളത്തില്‍ നിരവധി വീടുകളാണ് വെളളത്തിന്റെ അടിയിലായത്. ഇപ്പോഴും ലക്ഷകണക്കിന് പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
മഴക്കെടുതിയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂര്‍ണമായി വീട് നശിച്ചുപോയവര്‍ ഉണ്ട്. ഇവര്‍ക്ക് ആദ്യം മുതല്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുനീക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞകൊല്ലം പ്രളയമുണ്ടായപ്പോള്‍ കയ്യഴിച്ച് സഹായിച്ചവരാണ് നിവര്‍ന്നുനില്‍ക്കാന്‍ ശക്തിപകര്‍ന്നത്. ഇത്തവണയും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ഇക്കൂട്ടത്തില്‍ കെഎസ്ഇബിയും ഒരു കൈ സഹായവുമായി രംഗത്തുവന്നിരിക്കുകയാണ്.
പ്രളയത്തില്‍ മുങ്ങി വയറിംഗ് നശിച്ച വീടുകളില്‍ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്
പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെളളം കയറി ജീവിതം വീണ്ടും കരുപ്പിടിപ്പിക്കേണ്ടി വരുന്നവര്‍ക്ക് കെഎസ്ഇബിയുടെ സേവനം വലിയ താങ്ങായി മാറും.