'8 വര്‍ഷം ഭരിച്ച സര്‍ക്കാരുകള്‍ മേപ്പാടി-നിലമ്പൂര്‍ ഭാഗത്ത് എന്ത് സംരക്ഷണമാണ് നടപ്പാക്കിയത്?; വീഴ്ച വരുത്തിയവര്‍ ജനങ്ങളോട് മാപ്പ് പറയണം'

പശ്ചിമഘട്ടമലനിരകള്‍ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്
'8 വര്‍ഷം ഭരിച്ച സര്‍ക്കാരുകള്‍ മേപ്പാടി-നിലമ്പൂര്‍ ഭാഗത്ത് എന്ത് സംരക്ഷണമാണ് നടപ്പാക്കിയത്?; വീഴ്ച വരുത്തിയവര്‍ ജനങ്ങളോട് മാപ്പ് പറയണം'

കൊച്ചി: കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴ ഏറ്റവുമധികം നാശം വിതച്ചത് വയനാട് മേപ്പാടിയിലെ പുത്തുമലയിലും മലപ്പുറം നിലമ്പൂരിലെ കവളപാറയിലുമാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ഇവിടത്തെ ജനങ്ങളെ തുടച്ചുനീക്കിയത്. കവളപ്പാറയില്‍ മാത്രം 20 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും നിരവധിപ്പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ദുരന്തത്തിന് കാരണമായ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുളള കാരണങ്ങള്‍ തേടുകയാണ് കേരളജനത.

പശ്ചിമഘട്ടമലനിരകള്‍ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയാകുന്നത്. ഇതിനിടയില്‍ റിപ്പോര്‍ട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തെ കുറിച്ച് പ്രതിപാദിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. റിപ്പോര്‍ട്ടിന്റെ 20-ാം പേജില്‍ കേരളത്തിലെ അതീവ പരിസ്ഥിതി സംവേദകത്വമുള്ള 18 സ്ഥലങ്ങളുടെ പട്ടികയില്‍ നിലമ്പൂര്‍- മേപ്പാടി പ്രദേശം ഉള്‍പ്പെടുന്നതായി ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. 

'ഒരു ശാസ്ത്രീയ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ട് നീണ്ട 8 വര്‍ഷങ്ങള്‍ കഴിഞ്ഞു.8 വര്‍ഷം നമ്മളെ ഭരിച്ച സര്‍ക്കാരുകള്‍ മേപ്പാടി-നിലമ്പൂര്‍ ഭാഗത്ത് പ്രത്യേകമായി എന്ത് സംരക്ഷണമാണ് നടപ്പാക്കിയത്?, അതായത്, മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഇടങ്ങളില്‍ എന്ത് മുന്‍കരുതല്‍ ആണ് എടുത്തത്?.ഇല്ലെങ്കില്‍ വീഴ്ച വരുത്തിയവര്‍ ജനങ്ങളോട് മാപ്പ് പറയണം.'- ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം 


മാധവ്ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരിക്കല്‍ക്കൂടി വായിക്കുകയായിരുന്നു. 20 ആം പേജില്‍ കേരളത്തിലെ അതീവ പരിസ്ഥിതി സംവേദകത്വമുള്ള 18 സ്ഥലങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍-മേപ്പാടി പ്രദേശം ഒരു മലയുടെ ഇരുവശങ്ങള്‍ ആണ്. ജില്ലയോ താലൂക്കോ ആയല്ല, കൃത്യമായി പേരെടുത്ത് എഴുതിയിരിക്കുന്നു ആ പ്രദേശം. 2011 ആഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഒരു ശാസ്ത്രീയ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ട് നീണ്ട 8 വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആ റിപ്പോര്‍ട്ടിന് നൂറു അപാകതകള്‍, പ്രശ്‌നങ്ങള്‍ നമുക്ക് കാണിക്കാം. അവരില്‍ ആക്ഷേപം ചൊരിയാം. മനുഷ്യര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ആകയാല്‍ തെറ്റും സ്വാഭാവികം. നമുക്കത് കത്തിക്കാം, അറബിക്കടലില്‍ ഒഴുക്കാം..

എനിക്ക് ഒറ്റ ചോദ്യമേയുള്ളൂ. ഒരേയൊരു ചോദ്യം. നീണ്ട 8 വര്‍ഷം, അതേ 8 വര്‍ഷം നമ്മളെ ഭരിച്ച സര്‍ക്കാരുകള്‍ മേപ്പാടിനിലമ്പൂര്‍ ഭാഗത്ത് പ്രത്യേകമായി എന്ത് സംരക്ഷണമാണ് നടപ്പാക്കിയത്?? അതായത്, മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഇടങ്ങളില്‍ എന്ത് മുന്‍കരുതല്‍ ആണ് എടുത്തത്?

ഇല്ലെങ്കില്‍ വീഴ്ച വരുത്തിയവര്‍ ജനങ്ങളോട് മാപ്പ് പറയണം.

അഡ്വ.ഹരീഷ് വാസുദേവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com