മലമുകളില്‍ ജലാശയം: ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുറിച്യര്‍മല, 100 കുടുംബങ്ങളെ മാറ്റി

ഇതേതുടര്‍ന്ന് പ്രദേശത്തെ നൂറോളം കുടുംബങ്ങളെയാണ് ഇന്നലെയോടെ വീടുകളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചത്.
മലമുകളില്‍ ജലാശയം: ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുറിച്യര്‍മല, 100 കുടുംബങ്ങളെ മാറ്റി

വയനാട്: ശക്തമായ മഴയും കാലാവസ്ഥയും മൂലം കുറിച്യര്‍മലയുടെ മുകളില്‍ രൂപപ്പെട്ട ചതുപ്പുനിറഞ്ഞ ജലാശയം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു.  
മണ്ണുസംരക്ഷണ വകുപ്പും വനംവകുപ്പും ചേര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണു വനത്തില്‍ മലമുകളിലായി വലിയ ജലാശയം കണ്ടെത്തിയത്.

ഇതേതുടര്‍ന്ന് പ്രദേശത്തെ നൂറോളം കുടുംബങ്ങളെയാണ് ഇന്നലെയോടെ വീടുകളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചത്. വൈത്തിരി തരുവണ റോഡില്‍ പൊഴുതനയ്ക്കു സമീപം ആറാംമൈലില്‍ നിന്നു 4 കിലോമീറ്റര്‍ മാറിയാണു കുറിച്യര്‍മല. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണിത്.

മലയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്നുള്ള വിള്ളല്‍ ഈ ജലാശയത്തില്‍ വരെയെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. ഈ വിള്ളല്‍ വ്യാപിക്കുകയും പ്രദേശത്ത് കനത്ത മഴ പെയ്യുകയും ചെയ്താല്‍ അതിഗുരുതരമായ സാഹചര്യമാകും ഉണ്ടാകാന്‍ പോകുന്നത്.  

മലവെള്ളത്തിനൊപ്പം ജലാശയത്തില്‍ സംഭരിച്ച വെള്ളവും മണ്ണും കല്ലും മരങ്ങളും ഒലിച്ച് താഴെ ജനവാസമേഖലയിലേക്ക് ഇറങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക. ഇതോടൊപ്പം മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ കാലാവസ്ഥ ആശ്വാസകരമാണെങ്കിലും അപകടഭീതി നിലനില്‍ക്കുന്നതിനാലാണ് മേല്‍മുറി, പുതിയ റോഡ് പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 

ഇതിനിടെ ഉരുള്‍പൊട്ടല്‍ ഭീതിയെത്തുടര്‍ന്ന്, വലിയപാറ ഗവ. എല്‍പിഎസിലെ ദുരിതാശ്വാസ ക്യാംപ് ചാത്തോത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കു മാറ്റി. കുറിച്യര്‍മലയോടു ചേര്‍ന്ന 13 വീടുകള്‍ താമസക്കാര്‍ ഉപേക്ഷിച്ച നിലയിലാണ്. ഈ വീടുകള്‍ക്കു കുഴപ്പമൊന്നുമില്ലെങ്കിലും ഇവിടെ താമസിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെത്തുര്‍ന്നാണ് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പോയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com