മഴക്കെടുതിക്ക് പിന്നാലെ ഒച്ചിന്റെ 'തേര്‍വാഴ്ച'; തുരത്താം, മാര്‍ഗം ഇങ്ങനെ 

അടുക്കളയില്‍ പാത്രങ്ങളില്‍ ഉള്‍പ്പെടെ കയറുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍
മഴക്കെടുതിക്ക് പിന്നാലെ ഒച്ചിന്റെ 'തേര്‍വാഴ്ച'; തുരത്താം, മാര്‍ഗം ഇങ്ങനെ 

കൊച്ചി: മഴക്കെടുതിയില്‍ പ്രയാസം അനുഭവിക്കുകയാണ് കേരളം. വെളളം കയറിയ ഇടങ്ങളില്‍ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനിടെ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമാകുകയാണ്. വീടുകള്‍ക്കുളളില്‍ വരെ നുഴഞ്ഞുകയറി ശല്യം സൃഷ്ടിക്കുകയാണ് ഇവ. അടുക്കളയില്‍ പാത്രങ്ങളില്‍ ഉള്‍പ്പെടെ കയറുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

ഇവയുടെ ശരീര സ്രവം ശുദ്ധജലത്തില്‍ കലര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഭീതിയും നിലനില്‍ക്കുന്നുണ്ട്. പശ്ചിമ കൊച്ചിയിലും എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ഇതിന്റെ ശല്യം രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇവയുടെ ശല്യമുണ്ടായിരുന്നപ്പോള്‍ ഉപ്പുലായനി തളിച്ച് ഇവയുടെ വ്യാപനം തടയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതും ഫലപ്രദമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒച്ചിനെ നിയന്ത്രിക്കാന്‍ പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതം ഫലപ്രദമാണെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം പുകയില ഉപയോഗിക്കുന്നതിന്റെ തലേ ദിവസം ഇട്ടുവയ്ക്കുക. 60ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. രണ്ടു ലായനികളും ഒന്നിച്ചു ചേര്‍ക്കുക. ഈ മിശ്രിതത്തെ അരിച്ചെടുക്കുക. ഇതു സ്‌പ്രേ ചെയ്താല്‍ ഒച്ചിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.പുകയിലയുടെയും തുരിശിന്റെയും അനുപാതം നിലനിര്‍ത്തി ആവശ്യാനുസരണം അളവ് കൂട്ടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com