കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയും പുനഃസ്ഥാപിച്ചു; റെയിൽ ​ഗതാ​ഗതം പൂർവ്വസ്ഥിതിയിലേക്ക് 

സംസ്ഥാനത്തെ റെയിൽ ഗതാഗതം ഏറെക്കുറെ പൂർണനിലയിലായി
കോഴിക്കോട്-ഷൊര്‍ണൂര്‍ പാതയും പുനഃസ്ഥാപിച്ചു; റെയിൽ ​ഗതാ​ഗതം പൂർവ്വസ്ഥിതിയിലേക്ക് 

തിരുവനന്തപുരം: കോഴിക്കോട് – ഷൊർണൂർ പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചതോടെ സംസ്ഥാനത്തെ റെയിൽ ഗതാഗതം ഏറെക്കുറെ പൂർണനിലയിലായി. കോഴിക്കോട് – നാഗർകോവിൽ സ്പെഷൽ പാസഞ്ചറാണ് ഷൊർണൂർ റൂട്ടിൽ ഇന്നലെ ആദ്യ സർവീസ് നടത്തിയത്. നേരത്തേ റദ്ദാക്കിയിരുന്നവ ഒഴികെ ബാക്കിയെല്ലാ ട്രെയിനുകളും എറണാകുളത്തുനിന്നു തടസ്സമില്ലാതെ പോയി. 

പാലക്കാട് വഴി കടന്നുപോകേണ്ടിയിരുന്ന 18 ട്രെയിനുകൾ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. നാളെയോടെ ഇതുവഴിയുള്ള സർവീസുകൾ പൂർവ്വസ്ഥിതിയിലായേക്കും. 

ഇന്നലെ രാത്രി 8.10ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ ഇന്നു രാവിലെ എറണാകുളം ജംക്‌ഷനിലെത്തും. തിരിച്ച് ചെന്നെെയിലേക്കുള്ള ട്രെയിൻ 15ന് രാത്രി 7.30ന് എറണാകുളം ജംക്‌ഷനിൽ നിന്നു യാത്രതിരിക്കും.  

മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ 23-ാം തിയതിക്ക് ശേഷമേ പുനഃസ്ഥാപിക്കുകയുള്ളു. കർണാടകയിലെ ഹാസനിൽ ചുരത്തിൽ വൻ മണ്ണിടിച്ചിലുണ്ടായതിനാലാണ്  ഇതു വഴിയുള്ള ഗതാഗതം റദ്ദാക്കിയത്. ഇന്നത്തെ നാഗർകോവിൽ – ഗാന്ധിധാം (16336) മംഗളൂരുവിൽ നിന്നു പുറപ്പെടും. ചെങ്കോട്ട – പുനലൂർ പാതയിലും ട്രെയിൻ സർവീസ് പുനരാരംഭിച്ചു. 

ഇന്നത്തെ എറണാകുളം-നിസാമുദ്ദീൻ (12283) എക്സ്പ്രസ്സും സേലം–ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് (22154) ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളത്തെ ചണ്ഡിഗഡ്– കൊച്ചുവേളി കേരള സമ്പർക്കക്രാന്തി (12218), ടാറ്റ– ആലപ്പുഴ (18189) ട്രെയിനുകളും 15-ാം തിയതിയിലെ  തിരുനെൽവേലി – ജാമ്നഗർ (19423), തിരുനെൽവേലി –ഗാന്ധിധാം ഹംസഫർ (19423), അമൃത്‌സർ-കൊച്ചുവേളി (12483) എന്നീ ട്രെയിനുകളും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com