ഇന്നു കണ്ടെടുത്തത് കുട്ടിയുടേത് ഉള്‍പ്പെടെ ഏഴുമൃതദേഹങ്ങള്‍ ; കവളപ്പാറയില്‍ മരണം 30 ആയി ; കണ്ടെത്താനുള്ളത് 29 പേരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2019 03:05 PM |
Last Updated: 14th August 2019 03:18 PM | A+A A- |
ചിത്രം : എ സനേഷ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
മലപ്പുറം : മഴക്കെടുതിയും ഉരുള്‍പൊട്ടലും നാശം വിതച്ച കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്നും ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ഏഴുമൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ മരണ സംഖ്യ 30 ആയി. ഇനി 29 പേരെയാണ് കണ്ടെത്താനുള്ളത്.
കവളപ്പാറയില്‍ ബുധനാഴ്ച രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. പ്രതികൂസല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ തിരച്ചില്‍ ഇടയ്ക്ക് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. കവളപ്പാറയില്‍ ഇനിയും മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കവളപ്പാറയില്‍ നിന്നും ഒമ്പതു മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മണ്ണില്‍ പുതഞ്ഞുപോയ മൃതദേഹങ്ങല്‍ പലതും തിരിച്ചറിയോന്‍ പോലും കഴിയാത്ത നിലയിലായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും കണ്ടാണ് പലരെയും തിരിച്ചറിയുന്നത്. കഴിഞ്ഞദിവസം കണ്ടെടുത്ത മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രം കണ്ടാണെന്ന് പോസ്റ്റം മോര്‍ട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഡോ. സഞ്ജയ് പറയുന്നു.
കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങളും സൈന്യവും അഗ്നിരക്ഷാസേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നാണ് കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. അതിനിടെ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയില്‍ മരണം പത്തായി. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി ഉയര്‍ന്നു.