ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ 'കുത്തിതിരിപ്പ്'; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 32കേസുകള്‍, ഇന്ന് നാലുപേര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2019 11:24 PM |
Last Updated: 14th August 2019 11:24 PM | A+A A- |

തിരുവനന്തപുരം: മഴക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെകൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്ന് അറസ്റ്റിലായവരുടെ വിവരങ്ങള്‍:
തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു ഇന്നലെ അറസ്റ്റിലായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.