ബഷീറിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കും, കുടുംബത്തിന് നാലു ലക്ഷം സഹായ ധനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2019 11:05 AM |
Last Updated: 14th August 2019 11:05 AM | A+A A- |

കെഎം ബഷീര്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ബഷീറിന്റെ ഭാര്യയ്ക്കു തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ബഷീറിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്മയ്ക്കും മക്കള്‍ക്കുമായി രണ്ടു ലക്ഷം രൂപ വീതമാണ് നല്‍കുക.
തിരുവനന്തപുരത്ത് രാജവീഥിയില്‍ വച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്, സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് മേധാവി ആയിരുന്ന ബഷീര്‍ മരിച്ചത്. ശ്രീറാം വണ്ടി ഓടിച്ചത് മദ്യലഹരിയില്‍ ആയിരുന്നെന്നാണ് ദൃക്‌സാക്ഷി മൊഴികള്‍. എന്നാല്‍ പൊലീസ് ബ്രെത്തലൈസര്‍ ടെസ്റ്റ് നടത്തിയില്ല. അപകടം കഴിഞ്ഞ് ഒന്‍പതു മണിക്കൂറിനു ശേഷമാണ് രക്തപരിശോധന നടത്തിയത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ഈ പശ്ചാത്തലത്തില്‍, അപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.