ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ വീടുവെച്ചുനല്‍കും ; മേജര്‍ രവി ഒരു ലക്ഷം കൈമാറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th August 2019 03:41 PM |
Last Updated: 14th August 2019 03:41 PM | A+A A- |
കോഴിക്കോട്: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ വീട് നിര്‍മിച്ച് നല്‍കും. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് വീട് നിര്‍മ്മിച്ചുനല്‍കുക.
വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധിയായി സംവിധായകന്‍ മേജര്‍ രവി ഇന്ന് ലിനുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലിനുവിന്റെ കുടുംബത്തിന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ മേജര്‍ രവി ലിനുവിന്റെ അമ്മയ്ക്ക് നല്‍കി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. മരപ്പണി തൊഴിലാളിയാണ് ലിനു.
പ്രളയം വീടിനെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ വീട് വിട്ട് ലിനുവിന്റെ കുടുംബം ദുരിതാസ്വാസ ക്യാമ്പിലേക്ക് മാറി. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും അടക്കം ക്യാമ്പില്‍ ആക്കിയശേഷം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ലിനു മുങ്ങിമരിക്കുകയായിരുന്നു. ലിനുവിന്റെകുടുംബത്തിന് നടന്‍ ജയസൂര്യ അഞ്ചുലക്ഷം രൂപ സഹായധനം നല്‍കിയിരുന്നു.