'ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി' എന്നുമാത്രമാണ് കേന്ദ്രമന്ത്രിയോട് പറഞ്ഞത് ; ഇതെങ്ങനെ സഹായം വേണ്ടെന്നാകും ; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരസഹമന്ത്രി വിളിച്ചിരുന്നു എന്നത് സത്യമാണ്. അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്
'ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി' എന്നുമാത്രമാണ് കേന്ദ്രമന്ത്രിയോട് പറഞ്ഞത് ; ഇതെങ്ങനെ സഹായം വേണ്ടെന്നാകും ; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയക്കെടുതി നേരിടുന്നതിന് കേന്ദ്രത്തിന്റെ സഹായം വേണ്ടെന്ന് കേരളം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന തെറ്റാണ്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരസഹമന്ത്രി വിളിച്ചിരുന്നു എന്നത് സത്യമാണ്. അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്. അത് എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ഇക്കാര്യം അറിയിച്ചു. 

എനിക്ക് അത്ര ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള വ്യക്തിയൊന്നുമല്ല. എങ്കിലും ഇം​ഗ്ലീഷിലാണ് കാര്യം പറഞ്ഞത്.  'ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി' എന്നുമാത്രമാണ് തങ്ങള്‍ തമ്മില്‍ സംസാരിച്ചത്. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയാസമാകാം അദ്ദേഹം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി.തന്റെ പ്രൈവറ്റ് സെക്രട്ടറി സംസാരിക്കുമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.  പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍നമ്പറില്‍ വിളിച്ച് തന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്. 

തങ്ങള്‍ തമ്മില്‍ ഒരു വാചകം മാത്രമാണ് സംസാരിച്ചത്. ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് എങ്ങനെയാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് അറിയില്ല. താന്‍ പറയാത്ത കാര്യം മനസ്സിലാക്കാനുള്ള വൈഭവം ഈ സഹമന്ത്രിക്ക് ഉണ്ടോ എന്ന് അറിയില്ല. കേന്ദ്രസഹായം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന കേന്ദ്രമന്ത്രി മുരളീധരന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. മുരളീധരന്‍ സര്‍ക്കാരിനെതിരെ ഇങ്ങനെ സംസാരിച്ചത് എന്തുകൊണ്ടെന്നറിയില്ല. കേന്ദ്രത്തില്‍ നിന്നും നല്ല രീതിയില്‍ സഹായം കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഇതിനായി ചീഫ് സെക്രട്ടറി ടോംജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com