ദുരഭിമാനക്കൊലയല്ല ; വിവാഹം നടത്താന്‍ ചാക്കോ സമ്മതിച്ചിരുന്നെന്ന് പ്രതിഭാഗം ; കെവിന്‍ കേസില്‍ വിധി 22 ലേക്ക് മാറ്റി

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു
ദുരഭിമാനക്കൊലയല്ല ; വിവാഹം നടത്താന്‍ ചാക്കോ സമ്മതിച്ചിരുന്നെന്ന് പ്രതിഭാഗം ; കെവിന്‍ കേസില്‍ വിധി 22 ലേക്ക് മാറ്റി

കോട്ടയം: കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ വിധി പറയുന്നത് ഈ മാസം 22 ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിവെച്ചത്. കേസ് പരിഗണിച്ച കോടതി കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും, ഇക്കാര്യത്തില്‍ എന്താണ് വിശദീകരിക്കാനുള്ളതെന്നും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ചോദിച്ചു. 

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ പ്രതിയായ ഷാനുചാക്കോ, കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്നും അതിനാല്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും, അവനെ വകവരുത്തുമെന്നും സാക്ഷികളോട് പറഞ്ഞിരരുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഷാനു സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

മാത്രമല്ല വില്ലേജ് ഓഫീസര്‍ അടക്കം കെവിന്റെ കുടുംബം താഴ്ന്ന ജാതിയില്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുള്ളതും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കെവിന്‍ വധം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ദുരഭിമാനക്കൊലയെന്ന വാദം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കെവിനും പ്രതികളും ക്രിസ്ത്യാനികളാണ്. മാത്രമല്ല പൊലീസ് സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കെവിന്റേയും നീനുവിന്റെയും വിവാഹം നടത്താന്‍ പിതാവ് ചാക്കോ സമ്മതം നല്‍കിയിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് അടുത്ത ആഴ്ചയിലേക്ക് കോടതി മാറ്റുകയായിരുന്നു. 

ദുരഭിമാനക്കൊലയെന്നപേരില്‍ ചര്‍ച്ചചെയ്യപ്പെട്ട കേസില്‍ മൂന്നുമാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയായത്.കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ്(24) 2018 മേയ് 28നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ തെന്മല സ്വദേശിനി നീനുവിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചു. ഇതിലുള്ള വിരോധത്താല്‍, നീനുവിന്റെ അച്ഛനും സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയുമടക്കം 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലാണ്. ബാക്കി അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. ഏപ്രില്‍ 26ന് വിചാരണ തുടങ്ങിയ കേസ് 90 ദിവസം വിചാരണ നടന്നു. 113 സാക്ഷികളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com