മധ്യ കേരളത്തില്‍ മഴ ശക്തിപ്പെടുന്നു; ചാലക്കുടിപ്പുഴ, പെരിയാര്‍ തീരങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം

മധ്യ കേരളത്തില്‍ മഴ ശക്തിപ്പെടുകയാണ്. ഇന്ന് രാവിലെ വരെ ജില്ലയില്‍ 80.27 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി
മധ്യ കേരളത്തില്‍ മഴ ശക്തിപ്പെടുന്നു; ചാലക്കുടിപ്പുഴ, പെരിയാര്‍ തീരങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: മധ്യ കേരളത്തില്‍ മഴ ശക്തിപ്പെടുകയാണ്. ഇന്ന് രാവിലെ വരെ ജില്ലയില്‍ 80.27 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീര പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയാണുണ്ടായത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. 

മഴ കനത്തതോടെ പെരിയാര്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. എന്നാല്‍, കഴിഞ്ഞ ദിവസം ഉണ്ടായത്ര രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. കനത്ത കാറ്റും മഴയും ഉണ്ടായതിനാല്‍ 46 ഏക്കര്‍ ഭാഗത്ത് നിന്നുള്ള 24 കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ നേര്യമംഗലം ഗവ. സ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ടു തന്നെ പെരിയാര്‍ തീരത്തും കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

മഴ ശക്തി പ്രാപിച്ചതോടെ ഭൂതത്താന്‍കെട്ട് തടയണയില്‍ നിന്ന് പെരിയാറിലേക്കൊഴുകുന്ന ജലത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 26.95 മീറ്ററായിരുന്ന ഇവിടുത്തെ ജലനിരപ്പ് ഇന്ന് രാവിലെയോടെ ഒരു മീറ്റര്‍ വര്‍ധിച്ച് 27.90 എത്തി. മൂവാറ്റുപുഴയാറിലേക്ക് വെള്ളമൊഴുക്കുന്ന മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയോടെ 10 സെന്റീ മീറ്റര്‍ കൂടി ഉയര്‍ത്തി. നിലവില്‍ ഡാമിന്റെ ആറ് ഷട്ടറുകളും 30 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ കനത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഷട്ടറുകള്‍ 85 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നു.

നീരൊഴുക്ക് കൂടിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലനിരപ്പ് 419.41 മീറ്ററില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം അടച്ച സ്ലൂയിസ് ഗേറ്റ് വീണ്ടും തുറക്കുന്നത്. ചാലക്കുടിപ്പുഴയില്‍ 10 സെന്റീ മീറ്റര്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com