'ഇടതുപക്ഷത്തിനു വോട്ടു ചെയ്ത എനിയ്ക്ക് തലയില്‍ ഇടാന്‍ ഒരു തോര്‍ത്ത് അനുവദിച്ചു തരാമോ സര്‍ക്കാരേ?'
By സമകാലികമലയാളം ഡെസ്‌ക് | Published: 15th August 2019 05:46 PM |
Last Updated: 15th August 2019 05:51 PM | A+A A- |

കൊച്ചി: കഴിഞ്ഞ പ്രളയത്തിന്റെ ദുരിതക്കയത്തില്‍ നിന്നും പൂര്‍ണമായി കരകയറും മുന്‍പാണ് വീണ്ടും കേരളത്തെ വിറപ്പിച്ച് കനത്തമഴ എത്തിയത്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ കേരളം വീണ്ടും ഒറ്റക്കെട്ടായി പോരാടുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷം കേരള സര്‍ക്കാര്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും മറ്റും വരുന്ന ഭാരിച്ച ചെലവുകള്‍ എങ്ങനെ പൂര്‍ണമായി കണ്ടെത്തും എന്നതിനെ കുറിച്ചാണ്.
ഇത്തവണയും വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വലിയതോതിലുളള സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇതിനെ പൂര്‍ണമായി മറികടക്കാന്‍ സാധിക്കുകയുളളൂ എന്ന അവസ്ഥയാണ്.ഇതിനിടെ നിലവിലുളള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്‌പെഷ്യല്‍ ലെയ്‌സന്‍ ഓഫീസറെ നിയമിച്ചത് വിവാദമായിരിക്കുകയാണ്. കേന്ദ്രസഹായം നേടിയെടുക്കുന്നതിന് സിപിഎം നേതാവ് എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ നിയമിച്ചതിന് പിന്നാലെ വന്‍ ശമ്പളം നല്‍കി പുതിയ നിയമനം നടത്തിയതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുളള കേസുകളുടെ മേല്‍നോട്ടത്തിനായി 1.10 ലക്ഷം രൂപ ശമ്പളത്തിന് മുതിര്‍ന്ന അഭിഭാഷകന്‍ എ വേലപ്പന്‍ നായരെയാണ് ലെയ്‌സന്‍ ഓഫീസറായി നിയമിച്ചത്. സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയത്ത് ഇത്തരത്തിലുളള നിയമനം എന്തിനാണ് എന്ന ചോദ്യം ഉന്നയിച്ചാണ് സോഷ്യല്‍മീഡിയയിലും മറ്റും വിമര്‍ശനം കനക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി കടലായി വാസുദേവന്‍.
'ക്യാബിനറ്റ് പദവിയോടെ സമ്പത്ത്. ഇപ്പൊ മുക്കാല്‍ ലക്ഷം ശമ്പളത്തോടെ വേലപ്പന്‍ നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത എനിയ്ക്ക് തലയില്‍ ഇടാന്‍ ഒരു തോര്‍ത്ത് അനുവദിച്ചു തരാമോ സര്‍ക്കാരേ?' - അഷ്ടമൂര്‍ത്തി കടലായി വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.