ഇത്തവണ സാലറി ചലഞ്ച് ഇല്ല, കഴിഞ്ഞ തവണ പങ്കെടുക്കാത്തവർക്ക് ഇത് അവസരമെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2019 09:39 AM |
Last Updated: 15th August 2019 09:44 AM | A+A A- |

തിരുവനന്തപുരം; കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണ പ്രളയ പുനർനിർമാണത്തിനായി സാലറി ചലഞ്ച് പ്രത്യേകമായി നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് ഇപ്പോൾ സർക്കാർ ആവശ്യപ്പെടാതെതന്നെ പങ്കെടുക്കാനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൻഷൻകാരും ജീവനക്കാരുമെല്ലാം ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകുന്നുണ്ട്. ധാരാളം സംഭാവന വരുന്നുണ്ട്.മന്ത്രിമാർ ഒരു മാസത്തെ ശമ്പളവും അലവൻസുകളും ചേർത്ത് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന നിയമവിധേയമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ പ്രളയത്തിന്റെ തകർച്ചയിൽ നിന്ന് കേരളത്തെ പുനർനിർമിക്കാൻ 31000 കോടി രൂപയെങ്കിലും വേണമെന്നാണ് യുഎൻ കണക്കാക്കിയത്. ഇപ്പോൾ ആ ബാധ്യത വർധിച്ചിരിക്കുന്നു. അതിനനുസരിച്ചുള്ള വിഭവസമാഹരണം നടത്തണം. ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനായി എല്ലാവരും സർക്കാരിനോടൊപ്പം കൈകോർക്കണം. എത്ര ചെറിയ തുകയും ചെറുതല്ല. എത്ര വലിയ തുകയും വലുതുമല്ല. അത്രമേൽ വ്യാപ്തിയുള്ളതാണ് നാം നേരിടുന്ന ദുരന്തം. ദുഷ്പ്രചാരണങ്ങളിൽ പെട്ടുപോകാതെ നാടിനെ രക്ഷിക്കാൻ ഒരുമിക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആർക്കും പരിശോധിക്കാവുന്നതുമാണെന്നും അതിന്റെ പ്രയോജനം ലഭിക്കുന്നത് അർഹതയുള്ളവർക്കു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയ ദുരിതാശ്വാസത്തിനുത്തിനു ജനങ്ങൾ നൽകിയ സംഭാവന അതിനു മാത്രമാണ് ഉപയോഗിക്കുക. കഴിഞ്ഞ പ്രളയത്തിനുശേഷം 2276.4 കോടി രൂപയാണ് സർക്കാർ അങ്ങനെ ചെലവിട്ടത്. അതിൽ 457.6കോടി രൂപ ആശ്വാസ സഹായമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള ആശ്വാസമായി നൽകിയത് 1636 കോടി രൂപയാണ്. ചികിത്സാ സഹായത്തിനടക്കം പണം നൽകുന്നത് നിധിയിലേക്കുള്ള ബഡ്‌ജറ്റ് വിഹിതത്തിൽ നിന്നാണ്.
വീട് നിർമിക്കാൻ തുക അനുവദിച്ചാൽ അത് പൂർത്തിയാകുന്ന മുറയ്ക്കാണ് കൊടുത്തുതീർക്കുക.. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ഉൾപ്പെടെ വലിയ തുക അതിന് വേണ്ടതുണ്ട്. അതിൽ നിന്നെടുത്ത് മറ്റാവശ്യങ്ങൾക്കു ചെലവാക്കിയാൽ കഴിഞ്ഞ പ്രളയകാലത്തെ ദുരന്തബാധിതകർക്കുള്ള സഹായത്തെയാണ് ബാധിക്കുക- മുഖ്യമന്ത്രി വിശദീകരിച്ചു.