'കഴിഞ്ഞവര്‍ഷം ഇതേ സമയവും നമ്മള്‍ ഒരു പ്രകൃതിദുരന്തത്തിന്റെ നടുവിലായിരുന്നു, ഒറ്റ മനസ്സായി നില്‍ക്കുക'; മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2019 08:05 AM |
Last Updated: 15th August 2019 08:05 AM | A+A A- |

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും കേരളം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ദുരന്തത്തിന് നടുവിലാണ്. എന്നാല്‍ ദുരന്തങ്ങള്‍ നമുക്ക് കീഴ്‌പെടാനുള്ള പ്രതിഭാസങ്ങളല്ല, മറിച്ച് നമുക്ക് അതിജീവിക്കാനുള്ള വെല്ലുവിളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞവര്‍ഷം ഇതേ സമയവും നമ്മള്‍ ഒരു പ്രകൃതിദുരന്തത്തിന്റെ നടുവിലായിരുന്നു. എന്നാല്‍, എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായ ഒറ്റ മനസ്സായി നാം നിന്ന് അതിനെ അതിജീവിച്ചെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്തവണയും ജാതിമതാതി ഭിന്നതകള്‍ക്കെല്ലാം അതീതമായ ഒറ്റ മനസ്സായി നില്‍ക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നു പറയുമ്പോള്‍ ഭരണഘടനാമൂല്യങ്ങളെയാകെ സംരക്ഷിക്കണമെന്നും ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് കഴിയേണ്ടെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഈ സ്വാതന്ത്ര്യദിനഘട്ടം സമ്മിശ്രവികാരമാണുണ്ടാക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ വാര്‍ഷികവേളയാണ് ഇത് എന്നത് പകരുന്ന സന്തോഷം. ഒരു പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നല്ല ദിനം കടന്നുവരുന്നത് എന്ന സങ്കടം. ദുരന്തങ്ങള്‍ നമുക്ക് കീഴ്‌പെടാനുള്ള പ്രതിഭാസങ്ങളല്ല, മറിച്ച് നമുക്ക് അതിജീവിക്കാനുള്ള വെല്ലുവിളികളാണ്. ആ നിലയില്‍ ഏത് പ്രകൃതി ദുരന്തത്തെയും കാണാനും മറികടക്കാനും നമുക്കു കഴിയേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയവും നമ്മള്‍ ഒരു പ്രകൃതിദുരന്തത്തിന്റെ നടുവിലായിരുന്നു. എന്നാല്‍, എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായ ഒറ്റ മനസ്സായി നാം നിന്നു. അതുകൊണ്ടുതന്നെ അതിനെ അതിജീവിക്കുകയും ചെയ്തു.
ഒറ്റ മനസ്സായി നില്‍ക്കുക എന്നതാണ് പ്രധാനം. ജാതിമതാതി ഭിന്നതകള്‍ക്കെല്ലാം അതീതമായ ഒറ്റ മനസ്സ്. ഇന്ത്യ എന്ന വികാരവും കേരളീയത എന്ന വികാരവും ശക്തിപ്പെടുത്തുന്നത് ഈ മനസ്സിനെയാണ്. ഈ മനസ്സാണ് സത്യത്തില്‍ നമ്മുടെ ഏറ്റവും വലിയ ബലം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ദുരന്തത്തെയും നാം അതിജീവിക്കും എന്നത് നിസ്തര്‍ക്കമാണ്. കേരളനാടിന്റെ അതിജീവനത്തിനും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അതിജീവനത്തിനും അടിത്തറയായി വേണ്ടത് ഈ വിധത്തിലുള്ള ഐക്യബോധമാണ്.
ഓരോ സ്വാതന്ത്ര്യദിനവും നമുക്കു നല്‍കുന്ന സന്ദേശം സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം എന്നതു കൂടിയാണ്. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നു പറയുമ്പോള്‍ ഭരണഘടനാമൂല്യങ്ങളെയാകെ സംരക്ഷിക്കുക എന്നതുകൂടിയാണര്‍ത്ഥം. ഇക്കാര്യത്തില്‍ വലിയ ജാഗ്രത ഉണ്ടാകേണ്ട ഘട്ടമാണിത്. ദേശീയ സ്വാതന്ത്ര്യസമര പോരാളികളുടെ, ആ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് പ്രചോദനമാകട്ടെ ഈ സ്വാതന്ത്ര്യദിനാഘോഷം.