മതത്തിന്റെ പേരില്‍ വിവേചനം ഉണ്ടാക്കാന്‍ ശ്രമം ; മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കുന്ന ഇരുട്ടിന്റെ ശക്തികളെ തല്ലിക്കെടുത്തണമെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th August 2019 09:46 AM |
Last Updated: 15th August 2019 09:48 AM | A+A A- |
തിരുവനന്തപുരം : മതത്തിന്റെ പേരില്‍ വിവേചനം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയനേതാക്കളെ തടങ്കലിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ജാതിയുടെ പേരിലുള്ള കൊല മനുഷ്യത്വ വിരുദ്ധം. സംസ്ഥാനങ്ങളുടെ അദികാരങ്ങള്‍ കവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തിരുവനന്തപുരത്ത് ദേശീയപതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയില്‍ പ്രണമിക്കുന്നുവെന്ന് മുഖ്യമന്ത്രി. എന്ത് ദുരന്തം ഉണ്ടായാലും തളരരുത്. സ്വാതന്ത്യദിനം ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനും അര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മതനിരപേക്ഷ മൂല്യങ്ങളെ തല്ലിക്കെടുത്തുന്ന ഇരുട്ടിന്റെ ശക്തികളെ തല്ലിക്കെടുത്തണം. മതനിരപേക്ഷത ദുര്‍ബലപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണ്. കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പള്ളി തുറന്നുനല്‍കിയ സഹോദരങ്ങള്‍ രാജ്യത്തിന് മഹത്തായ മാതൃകയാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കം പ്രതികൂല അന്തരീക്ഷമുണ്ടാക്കി. എന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് കേരളജനത തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.