'വെള്ളം കയറും മുന്‍പേ വീട്ടിലുള്ളതെല്ലാം മാറ്റിവയ്ക്കണ്ടേ അമ്മേ', മടങ്ങിവരാത്ത ആ പോക്ക്; ഉറക്കത്തില്‍നിന്ന് ഞെട്ടിയുണരുന്ന കുഞ്ഞുങ്ങള്‍, കണ്ണീര്‍കഥകള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 15th August 2019 10:42 AM |
Last Updated: 15th August 2019 10:43 AM | A+A A- |

മലപ്പുറം: കണ്ണീര്‍കഥകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കേള്‍ക്കുന്നത്. കനത്തമഴ നാശം വിതച്ച കവളപ്പാറയില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പരസ്പരം ആശ്വസിപ്പിച്ചും കണ്ണീര്‍ തുടച്ചും അതിജീവനത്തിന്റെ വഴി തേടുകയാണ്. പലര്‍ക്കും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ കഥയാണ് പറയാനുളളത്. ഒരു ആയുഷ്‌കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ഒറ്റദിവസം കൊണ്ട് നഷ്ടപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മകളും അന്തേവാസികള്‍ പരസ്പരം പങ്കുവെയ്ക്കുന്നു.
വെള്ളപ്പൊക്കമുണ്ടായ അന്നുച്ചക്കാണ് ബിനോയി അമ്മയെയും ഭാര്യയെയും സുരക്ഷിതരായി ഭാര്യവീട്ടിലെത്തിച്ചത്. വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ അമ്മ ഉഷ ബിനോയിയെ തടഞ്ഞു. 'വെള്ളം കയറും മുന്‍പേ വീട്ടിലുള്ളതെല്ലാം മാറ്റിവയ്ക്കണ്ടേ അമ്മേ' എന്നു ചോദിച്ചായിരുന്നു ആ പോക്ക്. ഇത്തരത്തില്‍ ക്യാമ്പില്‍ കഴിയുന്ന ആരോട് ചോദിച്ചാലും നൊമ്പരപ്പെടുത്തുന്ന കഥകളാണ്.
കവളപ്പാറയില്‍ 5 ക്യാംപുകളിലായി കഴിയുന്നവരില്‍ നൂറോളം കുടുംബങ്ങളുണ്ട്. പകല്‍സമയം പുരുഷന്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോകുമ്പോള്‍ സ്ത്രീകളും കുട്ടികളും നെഞ്ചിടിപ്പോടെ ക്യാംപുകളില്‍ തുടരും. ദുരന്തഭൂമിയില്‍നിന്ന് ഇനി കണ്ടെടുക്കാനുള്ളത് തങ്ങളുടെ പ്രിയപ്പെട്ടവരെയാണെന്ന് അവര്‍ക്കറിയാം.
അമ്മാവന്‍ ചേന്തനാട് പത്മനാഭന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി ഒരാഴ്ച മുന്‍പ് കവളപ്പാറയിലെത്തിയതാണു ചേര്‍ത്തല സ്വദേശി കായിപ്പുറത്ത് ശശി. ഉരുളിറങ്ങി വന്ന രാത്രിയില്‍ അമ്മായിയെയും മക്കളെയും മരണത്തില്‍നിന്നു രക്ഷിച്ചത് ഇദ്ദേഹമാണ്. ഉറ്റവര്‍ക്ക് ഒരു താല്‍ക്കാലിക ഭവനമെങ്കിലും കിട്ടിയശേഷമേ മടക്കമുള്ളൂ എന്നുപറഞ്ഞ് ശശിയും ദുരിതാശ്വാസ ക്യാംപിലുണ്ട്.
ആശിച്ചു പണിത വീട്, ഗൃഹപ്രവേശം നടത്തും മുന്‍പേ മണ്ണെടുത്തതിന്റെ വേദനയിലാണ് തോട്ടുപുറത്ത് ഷിബുവും കുടുംബവും. പണിപൂര്‍ത്തിയായ വീട്ടിലേക്കു ചിങ്ങത്തില്‍ കയറിക്കൂടാമെന്നു കരുതി ഷെഡില്‍ കഴിയുകയായിരുന്നു ഇതുവരെ. പോത്തുകല്ല് പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതി വഴി നിര്‍മിച്ച 5 വീടുകളാണ് ഇത്തവണ മണ്ണിലൊഴുകിപ്പോയത്.
ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ണു കരയുന്ന കുട്ടികളുണ്ട് ഇപ്പോഴും കവളപ്പാറയ്ക്കു സമീപത്തെ ദുരിതാശ്വാസ ക്യാംപുകളില്‍. ദുരന്തത്തെ നേരിട്ടുകണ്ട കുഞ്ഞുകണ്ണുകളില്‍നിന്ന് ഇപ്പോഴും ആ നടുക്കം വിട്ടുമാറിയിട്ടില്ല. അമ്മ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ സ്‌നേഹത്തോടെ പുണരാന്‍ സ്‌കൂളിലെ ടീച്ചറമ്മമാര്‍ കൂടെക്കൂടെ ക്യാംപുകളിലേക്ക് എത്തുന്നുണ്ട്.